തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക്കിസ്ഥാൻ ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നുമുള്ള നിർദേശവുമായി ഡിജിപി.
പോലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നൽകുന്നത്.
രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.
നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം.
ഏതെങ്കിലും തരത്തിലുള്ള ഹണിട്രാപ്പ് സംഭവങ്ങളുണ്ടായാൽ പോലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്.
ഇക്കാര്യത്തിൽ കേരള പോലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു.