കോഴിക്കോട്: ഹോണടിച്ച് പേടിപ്പിക്കുന്നവരെ പൂട്ടാന്‍ മേട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ മറുതന്ത്രം പയറ്റി സ്വകാര്യവാഹനങ്ങള്‍.
ഒന്നും രണ്ടും ഹോണുകള്‍ ഒരേസമയം ഘടിപ്പിച്ചു ‘ആവശ്യം’ വരുമ്പോള്‍ ഉപയോഗിച്ച് കബളിപ്പിക്കാന്‍ നിഷ്പ്രയാസം ഇവര്‍ക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.
വേഗപ്പൂട്ടിന്റെ പേരില്‍ പൂട്ടാന്‍ നോക്കിയ ഉദ്യോഗസ്ഥരെ കണക്ഷന് ഒഴിവാക്കി ‘പറ്റിച്ച’ വര്ക്കിടയിലേക്കാണ് ഓപ്പറേഷന് ഡെസിബെല്ലുമായി മേട്ടോര്‍ വാഹനവകുപ്പ് എത്തുന്നത്.
ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലെ ജീവനക്കാര്‍ ഹോണിന്റെ പ്രവര്‍ത്തനത്തില്‍ എക്സ്പേര്ട്ടുകളുമാണ്.
വാഹനങ്ങളിലെ നിര്‍മിത ഹോണുകള്‍മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇത് പലപ്പോഴും അഴിച്ചുവയ്ക്കാന്‍ കഴിയുന്നവയാണ് താനും. അതാണ് പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്.
ഹോണടി വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. എന്നാല്‍ പരിശോധന നടക്കുന്ന സമയത്ത് ഈ ഹോണുകളുടെയെല്ലാം ശബ്ദം ‘കുറയുകയും’ പിന്നെ പൂര്‍വ സ്ഥിതിയിലാകുകയും ചെയ്യും.
ഡെസിബെല്‍ ഓപ്പറേഷന് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതോടെ ഇതിനുള്ള മറു സജ്ജീകരണം ഒരുക്കാന്‍ വാഹനങ്ങള്‍ക്ക് കഴിയുകയും ചെയ്യും.
ഹോണടിച്ചില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങള്‍ പരിശോധിക്കാനും ചുമതലയുണ്ടെന്നിരിക്കെ അത് പലപ്പോഴും നടക്കാറില്ല. തിരക്കേറിയ റോഡുകളില്‍ പരിശോധന നടത്താനുള്ള സംവിധാനമില്ലാത്തതാണ് പ്രധാന പോരായ്മ.
നാഷണല്‍ പെർമിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവയ്ക്കുന്നതെന്നാണുവിലയിരുത്തല്. മുന്നിലുള്ള വാഹനങ്ങളെ തുരത്താനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
പെട്ടുപോകുന്നതാകട്ടെ ഇരുചക്രവാഹനങ്ങളും. ദീര്‍ഘദൂര ബസുകളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.
ശബ്ദ പരിധി ഇങ്ങനെ…
ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും 82 ഡെസിബൽ. 4,000 കിലോക്കു താഴെയുള്ള ഡീസല്‍-പാസഞ്ചര്‍ അല്ലെങ്കില്‍ ലഘുവ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബൽ.
4,000-12,000 കിലോക്ക് ഇടയില്‍ ഭാരമുള്ള യാത്രാ,വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബൽ ഇങ്ങനെയാണ് ശബ്ദപരിധി.