ഹൈദരാബാദിലെ ദുരഭിമാനക്കൊലയില്‍ പോലീസിനെതിരേ ആരോപണങ്ങളുമായി കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്രിന്‍ സുല്‍ത്താന.
പോലീസ് 30 മിനിറ്റ് വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് സയ്യിദ് അഷ്രിന്‍ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞു.
സഹായത്തിന് ആരും തന്നെ മുന്നോട്ടുവന്നില്ല. തന്റെ സഹോദരനും കൂട്ടാളിയും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ആളുകള്‍ തടിച്ചുകൂടിയത്.
അതിനിടെ നാഗരാജുവിന് മരണം സംഭവിച്ചതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു. കഴിഞ്ഞദിവസമാണ് നാഗരാജുവിനെ അഷ്രിന്‍ സുല്‍ത്താനയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്.
ഭാര്യയ്ക്കൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് നാഗരാജുവിനെ ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് അഷ്രിന്‍ സുല്‍ത്താന പറയുന്നു.
20 മിനിറ്റ് നേരമാണ് സഹോദരനും കൂട്ടാളിയും ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. സഹായത്തിനായി താന്‍ മുറവിളി കൂട്ടിയെങ്കിലും ആരും തന്നെ സഹായത്തിന് എത്തിയില്ല.
കാഴ്ചക്കാര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.പോലീസ് അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. ആളുകള്‍ തടിച്ചുകൂടുന്നതിനിടെ തന്റെ ഭര്‍ത്താവ് മരിച്ചതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു.
കാര്‍ ഷോറൂമിലെ സെയില്‍സ്മാനായ നാഗരാജു ഇതര മതസ്ഥയായ അഷ്രിന്‍ സുല്‍ത്താനയെ ജനുവരിയിലാണ് വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.
സഹോദരന് തുടക്കം മുതല്‍ തന്നെ വിവാഹത്തിന് എതിരായിരുന്നു. നേരത്തെ മുസ്ലീം മതം സ്വീകരിച്ച ശേഷവും സഹോദരിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നാഗരാജു സഹോദരനോട് പറഞ്ഞിരുന്നതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു.
എന്നാല്‍ ഇതിനും സഹോദരന് സമ്മതമായിരുന്നില്ലെന്നും അഷ്രിന്‍ സുല്‍ത്താന പറയുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തന്റെ സഹോദരനാണ് എന്ന് തുടക്കത്തില്‍ മനസിലായിരുന്നില്ലെന്നും അഷ്രീന് പറഞ്ഞു.