കൊയിലാണ്ടി: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ തകര്‍ന്ന് രണ്ടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍. പ്രിയതമയ്ക്ക് പരിക്കേറ്റെന്നു കരുതി ആശുപത്രിയില്‍ താലികെട്ടാനായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ നിശ്ചലമായ ശരീരമായിരുന്നു. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ആരും ഒന്നും ബ്രിജേഷിനോട് പറഞ്ഞത്. പത്രവാര്‍ത്തകള്‍ കണ്ട് വിശ്വസിക്കാഞ്ഞ ബ്രിജേഷിന് ഒടുവില്‍ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വന്നു.
ആതിര തന്നെ അവസാനമായി വിളിച്ചതിനെക്കുറിച്ച് ബ്രിജേഷ് പറയുന്നതിങ്ങനെ… ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല”ബ്രിജേഷിന്റെ വാക്കുകള്‍ മുറിഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി.) ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി. വിവാഹിതരാകാനും അവര്‍ തീരുമാനിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള സ്‌നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തര്‍ക്കം രൂക്ഷമായപ്പോള്‍ വിഷയം അരീക്കോട് പൊലീസ് സ്‌റ്റേഷനിലും എത്തി. സ്‌റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ കല്യാണം കഴിച്ചുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് രാജന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി.
ഇതേത്തുടര്‍ന്ന് കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തില്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തി. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പില്‍ അത് മാറ്റി. വെള്ളിയാഴ്ച വിവാഹം നടത്താനായി രാജന്റെ വീട്ടില്‍ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ആതിരയ്ക്ക് കുത്തേറ്റ വാര്‍ത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാന്‍ പോയതായിരുന്നു. രാത്രി ടി.വിയില്‍ ആതിര കുത്തേറ്റ് മരിച്ച വാര്‍ത്ത വന്നത് ബന്ധുക്കള്‍ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല.
എന്നാല്‍ ബ്രിജേഷിന്റെ വീട്ടിലെ ഒരുക്കമൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജന്‍ നെഞ്ചില്‍ കത്തിയിറക്കി.19ാം വയസ്സില്‍ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്‌നം. ഇത് ദുരഭിമാനമായപ്പോള്‍ സ്വന്തം മകളെ കുത്തിവീഴ്ത്തി അച്ഛന്‍ സ്വന്തം വീട്ടിലേക്ക് ദുരന്തമെത്തിക്കുകയായിരുന്നു.