വാഷിംഗ്ടൺ ഡിസി: അമേരിക്ക യെമനിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുറഞ്ഞത് 31 ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. ഹൂതികളുടെ സർവനാശമാണു സംഭവിക്കാൻപോകുന്നതെന്നും ട്രംപ്.
ട്രംപ് അധികാരമേറ്റതിനുശേഷം നടന്ന ആദ്യത്തെ ആക്രമണമാണിത്. യെമന്റെ തലസ്ഥാനമായ സന , സാദ, ഹൂതി ശക്തികേന്ദ്രമായ അൽ ബെയ്ദ, റാഡ എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. ചെങ്കടലിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ശക്തമായ ആക്രമണം തുടരുമെന്ന് ട്രംപ്. ഹൂതികൾ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അല്ലെങ്കിൽ കനത്തനാശം അനുഭവിക്കേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
യെമനിലെ ഹൂതികൾ കപ്പലുകൾക്കുനേരേയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്ക ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് പറഞ്ഞു. അതേസമയം, യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം, ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂത്തി ഇന്നലെ പറഞ്ഞു. അമേരിക്ക ആക്രമണം തുടർന്നാൽ, തങ്ങൾ സംഘർഷം രൂക്ഷമാക്കുമെന്ന് ടെലിവിഷനിലൂടെ മാലിക് പറഞ്ഞു.
യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ, ഗാസയിലേക്കുള്ള സഹായങ്ങൾക്ക് ഇസ്രായേൽ തടസം നീക്കിയില്ലെങ്കിൽ ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രേലി കപ്പലുകൾക്കുനേരേ ആക്രമണം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഹമാസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഗാസയിലെ പാലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികൾ ചെങ്കടലിൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.