ഹൈദരാബാദ്: കോവിഡ്-19 നുള്ള പ്രതിരോധ മരുന്നിന് ഏറ്റവും കുറഞ്ഞത് അടുത്തവർഷം ആദ്യംവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുളർ ബയോളജി ഡയറക്ടർ രാകേഷ് കെ. മിശ്ര.
ക്ലിനിക്കൽ പരിശോധന ഒട്ടേറെ തവണ നടത്തണമെന്നതുൾപ്പെടെ നിരവധി കടന്പകൾ പൂർത്തിയാക്കിയാലേ മരുന്നു പുറത്തിറക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധമരുന്ന് പുറത്തിറക്കാനാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഐസിഎംആറിന്റെ ആഭ്യന്തരമായ വിലയിരുത്തൽ മാത്രമാകാം ഇതെന്നും മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിന് ആശുപത്രികളെ സജ്ജമാക്കുക ആകാം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മിശ്ര പ്രതികരിച്ചു. മുൻകൂട്ടി തയാറാക്കിയ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ ആറുമുതൽ എട്ടുമാസംവരെ കാത്തിരുന്നാലെ മരുന്ന് യാഥാർഥ്യമാകൂ.
അസുഖംവരുന്ന ഒരാൾക്ക് മരുന്നു നൽകുകയും രോഗമുക്തി നേടുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും ചെയ്യുന്നതുപോലെ ലളിതമല്ല കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവാക്സിൻ എന്ന പേരിലുള്ള മരുന്നിനു ശ്രമിക്കുന്നത്.
എന്നാൽ ക്ലിനിക്കൽ പരിശോധനയ്ക്കു സജ്ജമാകാൻ നിർദേശം നൽകുകയും മരുന്നു പുറത്തിറക്കാൻ ഓഗസ്റ്റ് 15 എന്ന സമയപരിധി നിശ്ചയിക്കുകയും ചെയ്ത ഐസിഎംആർ പ്രഖ്യാപനത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്ക ഉന്നയിച്ചിരുന്നു.
അതേസമയം, ഔപചാരിക നടപടിക്രമത്തിലെ കാലതാമസം ഒഴിവാക്കാനായിരുന്നു ഇതെന്നാണ് ഐസിഎംആർ വിശദീകരണം. അനാവശ്യമായ കാലതാമസം ഒഴിവാക്കാനും, ആവശ്യമായ പ്രക്രിയകൾ ഒഴിവാക്കാതെ തന്നെ പങ്കെടുക്കുന്നവരുടെ നിയമനം വേഗത്തിലാക്കുവാനും ഉദ്ദേശിച്ചുള്ളതായിരുന്നു കത്ത് എന്നാണ് ഐസിഎംആർ പറയുന്നത്.