ഏതാണ്ട് അഞ്ചു വർഷം മുന്പ് മാധ്യമങ്ങളിൽ പ്രചരിച്ച തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം ആരും മറന്നുകാണില്ല. നൈജീരിയയിലെ എക്കറ്റ് പട്ടണത്തിന്റെ തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട മൂന്നു വയസുകാരന്റെ ചിത്രങ്ങൾ ഇന്നും മനുഷ്യ മനസിനെ വേട്ടയാടുന്നുണ്ടാകും.
പോഷകാഹാരക്കുറവ് മൂലം അനവധി രോഗങ്ങളുടെ പിടിയിലായിരുന്ന അവൻ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് അവനെ കണ്ടവർക്കു തെല്ലും പ്രതീക്ഷയുണ്ടായിരുന്നിരിക്കില്ല. നാളുകളായി പട്ടിണികിടന്ന് എല്ലുംതോലുമായി തീർന്നിരുന്നു ആ കുഞ്ഞു ശരീരം.
അന്ധവിശ്വാസത്തിന്റെ പേരിൽ മാതാപിതാക്കൾ ഉപേക്ഷിച്ച അവനെ 2016 ജനുവരിയിൽ അഞ്ജ റിങ്ഗ്രെൻ ലവൻ എന്ന ഡാനിഷ് ജീവകാരുണ്യ പ്രവർത്തകയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
അന്ന് ആ തെരുവോരത്തു നഷ്ടപെട്ടുപോകുമായിരുന്ന ആ കുഞ്ഞിന് അവർ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നു… പിന്നീട് ഒരു പേരും നൽകി….ഹോപ്പ് (പ്രതീക്ഷ). മനുഷ്യനിലെ അന്ധതയെയും വെളിച്ചത്തെയും കാണിച്ചുതരുന്നതാണ് ഈ കുഞ്ഞിന്റെ ജീവിതകഥ.
ഗുരുതരസ്ഥിതിയിൽ
അഞ്ജയും കൂട്ടരും അന്നു ഹോപ്പിനെ ആ തെരുവിൽനിന്നു രക്ഷിക്കുന്പോൾ അവന്റെ ആരോഗ്യനില വളരെ ഗുരുതരമായിരുന്നു. പോഷകാഹാരക്കുറവ് മൂലം ഒന്നിലധികം രോഗങ്ങളും അവന് ഉണ്ടായിരുന്നു.
ആശുപത്രിയിലെത്തിയ ഹോപ്പിന്റെ ആരോഗ്യ നില രണ്ടാഴ്ചയോളം വഷളായിത്തന്നെ തുടർന്നു. ‘അവൻ അതിജീവിക്കുമോ ഇല്ലയോ എന്നു ഞങ്ങൾക്കറിയില്ലായിരുന്നു’-അഞ്ജ പറഞ്ഞു.
ആശുപത്രിയിലെത്തിയ ഉടനെ അവന് നൽകിയതു വയറ്റിലെ അണുക്കൾ നശിച്ചുപോകാനുള്ള മരുന്നാണ്. പിന്നീടു രക്തം ശുദ്ധീകരിച്ചു. ഇവയെല്ലാം ചെയ്തെങ്കിലും അവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായിരുന്നു.
ജീവിതത്തിലേക്ക് ‘പ്രതീക്ഷ’
എങ്കിലും അവർ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ അവൻ ജീവിതത്തിലെക്കു മടങ്ങിയെത്തി. അവർ അവന് ഹോപ്പ്( പ്രതീക്ഷ) എന്നു പേരും നൽകി.
ഇന്ന് ഏഴു വയസുകാരനായ ഹോപ്പ് എല്ലാ പ്രതസന്ധികളേയും തരണം ചെയ്ത് അവന്റെ പുതു ജീവിതം ആസ്വദിക്കുകയാണ്. ഇതിനെല്ലാം തുണയായത് അഞ്ജയുടെ ലാൻഡ്ഓഫ് ഹോപ്പ് എന്ന ചാരിറ്റിയാണ്.
ഈ പേരിൽ നിന്നാണ് അവർ ആ കുഞ്ഞിന് ഹോപ്പ് എന്ന പേര് നൽകിയതും. ഹോപ്പിനെ പോലെ തെരുവിലെറിയപ്പെട്ട നൂറുകണക്കിനു കുട്ടികളുടെ അഭയകേന്ദ്രമാണ് ഇന്നു ലാൻഡ് ഓഫ് ഹോപ്പ്.
കൊച്ചു പിക്കാസോ
ഹോപ്പ് ഇന്നു വളരെ ആരോഗ്യവാനാണ്. സ്കൂളും കൂട്ടുകാരുമായി അടിച്ചുപൊളിക്കുകയാണ്. പഠിക്കാൻ ഏറെ താത്പര്യമുള്ള ഹോപ്പ് വളരെ ബുദ്ധിശാലിയായ കുട്ടിയാണ്.
എങ്കിലും ചിത്രം വരയിലാണ് അവനു കന്പം. ജീവിതത്തിൽ എപ്പോഴും ക്രിയാത്മകമായി സമീപിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഹോപ്പ്. ചിത്രരചനയിൽ ഹോപ്പിനുള്ള കന്പം കൂട്ടുകാർക്കും രക്ഷകർത്താക്കൾക്കുമിടയിൽ അവനെ കൊച്ചു പിക്കാസോയാക്കി.
ഈ പേര് അവർ അവന് ചുമ്മാ നൽകിയതല്ല. ഹോപ്പിന്റെ മിക്ക ചിത്രങ്ങളും നല്ല രീതിയൽ വിറ്റുപോയിട്ടുള്ളവയാണ്.
പുഞ്ചിരിയോടെ…
ജീവിതത്തിന്റെ ആദ്യനാളുകൾ ദുരിതപൂർണമായിരുന്നെങ്കിലും തന്റെ വയറലായ ചിത്രങ്ങൾ നോക്കി അവൻ പുഞ്ചിരുിക്കാറുണ്ട്. ‘അവൻ പലപ്പോഴും അതു ചൂണ്ടിക്കാണിക്കുകയും അഭിമാനിക്കുന്നതുപോലെ പുഞ്ചിരിക്കുകയും ചെയ്യും’,
യൂണിവേഴ്സൽ പീസ് ഫെഡറേഷൻ ഇന്റർനാഷണലിന്റെ അംബാസഡർ കൂടിയായ അഞ്ജ പറഞ്ഞു. ഹോപ്പ് ഒരിക്കലും അവന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല.
അവരെ കണ്ടെത്തി നൽകാൻ ചാരിറ്റിക്കു കഴിഞ്ഞിട്ടില്ല. തന്റെ തെരുവിലേക്കു വലിച്ചെറിഞ്ഞ ആ മാതാപിതാക്കളേക്കാളും അവൻ ഇന്ന് സ്നേഹിക്കുന്നത് അവന് ഒരു പുതുജന്മം നൽകിയ ലാൻഡ് ഓഫ് ഹോപ്പിനെയാണ്.
ഇന്നും അന്ധതയിൽ
നൈജീരിയയിലെ അന്ധവിശ്വാസങ്ങൾ കൊടിക്കുത്തിവാഴുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്ന ചില അതിക്രൂരമായ ‘പതിവു’കളിൽ ഒന്നാണ് മന്ത്രവാദിയെന്നു മുദ്രകുത്തുന്നത്.
കുടുംബത്തിൽ അകാലമരണങ്ങൾ, വിളനാശം, തൊഴിൽപ്രശ്നം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ അതു ദുർമന്ത്രവാദത്തിന്റെയും മന്ത്രവാദികളുടെയും ചെയ്തികളായിട്ടാണ് ഇവിടങ്ങളിലെ ആളുകൾ വിശ്വസിക്കുന്നത്.
ഇത്തരം അന്ധതയ്ക്കു പലപ്പോഴും ബലിയാടാകുന്നത് കൊച്ചുകുട്ടികളാണെന്നതു ഗൗരവം കൂട്ടുന്നു. മന്ത്രവാദിയെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മാതാപിതാക്കൾ തെരുവോരങ്ങളിൽ മറ്റും ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്.
ആഹാരവും കുടിവെള്ളവും കിട്ടാതെ പ്രാണൻ നഷ്ടമാകുന്നു. ഇവിടുത്തെ പല തെരുവുകൾക്കും ഇവയെല്ലാം സുപരിചിതമായ കാഴ്ചകളിൽ ഒന്നുമാത്രം.
കുട്ടികളിലേക്ക്
നൈജീരിയയിലെ ക്രോസ് റിവർ , റിവർ സ്റ്റേറ്റ്, അക്വ ഇബോം എന്നീ സംസ്ഥാനങ്ങളിൽ അന്ധവിശ്വാസം സാധാരണമാണ്. അക്വ ഇബോമം സംസ്ഥാനത്തു പ്രാദേശിക ഗോത്ര മതങ്ങളുമായി കൂടിച്ചേർന്ന് അന്ധവിശ്വസങ്ങളുടെ പറുദീസ തന്നെ രൂപപ്പെടുത്തിയിരിക്കുന്നു.
ബാധ ഒഴുപ്പിക്കലിലും മന്ത്രവാദികളിലും അടിയുറച്ച വിശ്വസിക്കുന്ന ജനതയാണ് ഇവിടെ ജീവിക്കുന്നത്. നൈജർ ഡെൽറ്റ മേഖലയിലെ സമീപ കാലത്താണ് കുട്ടികളെ മന്ത്രവാദികളായി കളങ്കപ്പെടുത്തുന്ന ഈ പ്രതിഭാസം ഉടലെടുക്കുന്നത്.
അതിനുമുന്പ്, പ്രായമായ സ്ത്രീകളായിരുന്നു ഇതിന്റെയെല്ലാം പ്രധാന ഇര.
മായാത്ത കളങ്കം
മനുഷ്യകുലം ഇരുപതാം നാറ്റാണ്ടിലെത്തിയിട്ടും ലോകത്ത് മാറ്റമില്ലാതെ തുടരുന്ന ഒരു ‘ശാപ’മാണ് അന്ധവിശ്വാസം. ഇവ അനുദിനം വർധിച്ചു വരുകയുമാണെന്നതു ആശങ്കപ്പെടേണ്ട കാര്യംതന്നെയാണ്.
ശാസ്ത്രം ഉന്നതങ്ങളിലേക്കു കുതിക്കുന്പോൾ മനുഷ്യർ പലപ്പോഴും അന്ധമായ വിശ്വാസങ്ങളുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെടുകയാണ്.
ഇത് ഒരു രാജ്യത്തിന്റെ മാത്രം ദുർഗതിയില്ല. ഭൂരിഭാഗം മനുഷ്യമനസിലും ഇന്നും മായാത്ത കളങ്കമായി ഇത്തരത്തിലുള്ള വിശ്വാസങ്ങൾ കുടി കൊള്ളുന്നുണ്ട് എന്നതാണ് സത്യം.
തയാറാക്കിയത്: വൈ