കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഹോര്‍ട്ടികോർപ് എംഡി ആയിരുന്ന ശിവപ്രസാദി (75)നെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം എസിപി ഓഫീസില്‍ കീഴടങ്ങിയ ഇയാളെ പിന്നീട് ദേഹാസ്വാസ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇയാള്‍ക്കെതിരേ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദ് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസില്‍ കീഴടങ്ങിയത്.
പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്.
22 വയസുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തില്‍ മദ്യം നല്കി ഇയാള്‍ കഴിഞ്ഞ മാസം 15 നായിരുന്നു പീഡിപ്പിച്ചത്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നതപദവിയിലിരുന്ന ശിവപ്രസാദിന്റെ സ്വാധീനത്തില്‍ അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.