സ്വന്തം ലേഖകൻ
തൃശൂർ: നിർത്താതെ ഹോണ്‍ മുഴക്കിയ സ്വകാര്യബസ് ഡ്രൈവറോട് പറഞ്ഞുനോക്കി – ചേട്ടാ ഇന്ന് ഹോണ്‍രഹിത ദിനമാണ്. പരമാവധി ഹോണടിക്കാതെ നമുക്ക് മുന്നോട്ടു പൊയ്ക്കൂടെ…എന്റെ അനിയാ ഹോണടിച്ചില്ലേൽ ദാ ഈ മുന്നിൽ കാണുന്നവൻമാരൊന്നും ഒരിഞ്ച് മുന്പോട്ട് പോവില്ല. ചെവിതുളച്ച് രണ്ടെണ്ണം അടിച്ചുകൊടുത്താൽ വഴി ക്ലിയറാകും – എയർഹോണിൽ ഞെക്കിപ്പിടിച്ച് ബസ് ഡ്രൈവറുടെ സിംപിൾ മറുപടി.
ഇത് ഒരു ബസ് ഡ്രൈവറുടെ മാത്രം മറുപടിയായിരുന്നില്ല…കുറേ പേരുടെ മറുപടി ഇതു തന്നെയായിരുന്നു..നമുക്ക് ചോയിച്ചുചോയിച്ചു പോകാം എന്ന് മോഹൻലാൽ പറയും പോലെ നമുക്ക് ഹോണടിച്ച് ഹോണടിച്ച്പോകാം എന്നായിരുന്നു മിക്ക ഡ്രൈവർമാരുടേയും മറുപടി…ശക്തൻസ്റ്റാൻഡിലെത്തിയപ്പോൾ അവിടെ ഹോണ്രഹിതദിനാചരണത്തിന്റെ ബോധവത്കരണം നടക്കുന്നു. അതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ പലതരം ഹോണുകൾ മുഴങ്ങുന്നു.
ചെവിതുളച്ചുകയറുന്ന ഹോണുകൾ പലരിലും കേൾവിത്തകരാറുകൾ ഉണ്ടാക്കുമെന്നും ചിലർക്ക് തൊട്ടുപിന്നിൽ വന്നുളള ഈ ഹോണടി കേട്ടാൽ ബ്ലഡ് പ്രഷർ കുതിച്ചുയരുമെന്നും വല്ലാത്ത ടെൻഷനാണ് പലർക്കും ഈ ഹോണടി കേൾക്കുന്പോൾ ഉണ്ടാകുന്നതെന്നും ഹാർട്ട് അറ്റാക്കിന് വരെ ഈ ഹോണടി കാരണമാകുമെന്നും ഡ്രൈവർമാരെ ബോധവ്തകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോണ്‍രഹിതദിനം ആചരിക്കുന്നതെന്ന് ശക്തൻസ്റ്റാൻഡിൽ ഡ്രൈവർമാരോട് ബന്ധപ്പെട്ടവർ പറയുന്നുണ്ടായിരുന്നു.
കുഞ്ഞ്യേ സൗണ്ടില്‍ ഹോണടിച്ചാ ആരെങ്കിലും വഴീന്ന് മാറ്വോ… ബോധവത്കരണം കേട്ടുനിന്ന ഒരു ഡ്രൈവർ ചോദിച്ചു. മറുപടിയെന്നോണം സ്റ്റാൻഡിന്റെ അങ്ങേയറ്റത്തുനിന്ന് ഒരു ഹോണ്‍ സംഗീതം മുഴക്കി…ഹോണുകൾ നമ്മുടെ പൊതുനിരത്തുകളുടെ സമാധാനം ഇല്ലാതാക്കുന്നുവെന്നും അതൊരു പൊതുപ്രശ്നമായി മാറിയതുകൊണ്ടാണ് ഇത്തരമൊരു ദിനാചരണം നടത്തി ബോധവത്കരണത്തിന് തുടക്കം കുറിക്കുന്നതെന്നും സംഘാടകരായ ജില്ലാ ഭരണകൂടം, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, മോട്ടോർ വാഹന വകുപ്പ് എന്നിവർ വിശദീകരിച്ചു.
ബോധവത്കരണം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഇതൊരു തുടക്കം മാത്രമാണെന്നും പത്തുപേരെയെങ്കിലും ഹോണിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചാൽ അതൊരു വലിയ നേട്ടം തന്നെയാണെന്നും ഈ സദുദ്ദേശ്യത്തിന് പിന്നിലുള്ളവർ പറഞ്ഞു. ബോധവത്കരണ പരിപാടികളുടെ ഭാഗമായി ലഘുലേഖ വിതരണവും കേൾവി പരിശോധന ക്യാന്പും നടത്തി.
എയർഹോണുകൾ സൃഷ്ടിക്കുന്ന രൂക്ഷമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ എയർഹോണ്‍ വിൽപനയും ഉപയോഗവും തടയാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.ഹോണടി കേട്ട് ചെവിപൊളിയുന്ന ജനം പറയുന്നു – ഈ ദിനാചരണം കൊണ്ട് ഹോണടി കുറയില്ല. എങ്കിലും ബോധവത്കരണവും ശക്തമായ ശിക്ഷാനടപടികളും തുടരണം. ഒരു ദിവസം കൊണ്ട് എല്ലാം ശരിയാകില്ലെങ്കിലും ഇത്തരമൊരു ബോധവത്കരണത്തിന് തുടക്കമിട്ടവർക്ക് എല്ലാ അഭിനന്ദനങ്ങളും…
ഇരുചക്രവാഹനക്കാർ പറയുന്നു – തൊട്ടുപിന്നിൽ വന്ന് ചെവിതുളച്ചുകയറും പോലെ ഹോണടിക്കുന്ന ബസുകാരുടെ സ്വഭാവം ഒന്നു മാറ്റാൻ ബോധവത്കരിക്കൂ. കുട്ടികളെയും കൊണ്ട് ബൈക്കിലോ സ്കൂട്ടറിലോ പോകുന്പോൾ ഇങ്ങനെ ഹോണടി കേട്ടാൽ ചിലപ്പോൾ കൈവിറയ്ക്കും, വണ്ടിയുടെ ബാലൻസ് പോകും. അപകടം എപ്പൊ ഉണ്ടായി എന്ന് ചോദിച്ചാൽ മതി..
ചിലപ്പോൾ ടെൻഷൻ കാരണം എന്താ ചെയ്യേണ്ടതെന്ന് പോലും അറിയില്ല. അതുകൊണ്ട് ദയവു ചെയ്ത് വലിയ വണ്ടിക്കാർ ചെറിയ വണ്ടിക്കാരെ ഇങ്ങനെ ഹോണടിച്ച് പേടിപ്പിക്കരുത്…പ്ലീസ്…
ബോധവത്കരണത്തിന് എല്ലാ പിന്തുണയും…
അതെ..ഏതൊരു ദിനാചരണവും പോലെ ഹോണ്‍രഹിത ദിനാചരണം വെറും ആചരണം മാത്രമായി കടന്നുപോകരുത്. ഹോണടിയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി ഹോണടി കുറയ്ക്കാൻ ഓരോ വണ്ടിയുടെ ഡ്രൈവർമാരും ശ്രദ്ധിക്കുമല്ലോ….ഇതൊരു കൽപനയല്ല..അപേക്ഷയാണ്….