തിരുവനന്തപുരം: വാഹനങ്ങളിൽ പോകുന്നവരുടെ ഹോണടികളെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് പങ്കുവച്ച കുറിപ്പാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റിനു താഴെ നിരവധി ആളുകളാണ് തങ്ങൾക്ക് നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം. കൂടാതെ സ്ഥിരമായ അതുപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണമെന്നും എംവിഡി ഉപദേശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
“വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ HORN ഹോൺ എന്നാൽ കൊമ്പ് എന്നാണർഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക സ്വാഭാവികം.
ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കിൽ പ്രയാസമാണല്ലെ. നമ്മുടെ റോഡ് സംസ്കാരത്തിൽ അമിത പ്രാധാന്യം കാരണം റോഡുകളിൽ കാതുകളെ നിറയ്ക്കുന്നതിനേക്കാളേറെ പോക്കറ്റ് കാലിയാക്കുന്നുമുണ്ട് ഹോണുകൾ വാഹനങ്ങളിൽ ഇതൊരു അത്യാവശ്യഘടകമാണോ?
മറ്റു രാജ്യങ്ങളിൽ ഹോണിന് വലിയ പ്രധാന്യമൊന്നും ഇല്ല. റോഡിൽ ഇൻഡിക്കേറ്ററുകൾ അഥവാ മുന്നറിയിപ്പ് സൂചനകൾക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു സുരക്ഷാസംസ്കാരമാണ് അവർക്കുള്ളത്.
അത്യാവശ്യഘട്ടങ്ങളിലെ ഒരു സുരക്ഷാ ഉപകരണം മാത്രമാണവർക്ക് ഹോണുകൾ
ഹോണിനോടുള്ള അമിതാവേശം കാരണം വാഹനഡിസൈനിംഗിൽ അവയ്ക്ക് പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടിവന്നതിന്റെ ഫലമാണ് IS 1884:1993. അത് പ്രകാരം നാല് തരം ഇലക്ട്രിക് ഹോണുകൾ മാത്രമാണ് നിലവിൽ വാഹനങ്ങളിൽ അനുവദനീയമായിട്ടുള്ളത്
Type 1 – AC Magneto
Type 2A – DC 12/24V
Type 2B – DC 12/24V
Type 3 – DC12/24V wind tone
Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം. അതിൽ കൂടുതലുള്ളവ ശബ്ദമലിനീകരണനിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ വിളിച്ചു വരുത്തും ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകൾ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോൾ അതിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു ഹോൺ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ൽ നിർബന്ധമാക്കിയിട്ടുമുണ്ട്.
Type1 – Mopeds, Scooters and Motor Cycle
Type 2A – 2, 3 Wheelers & Quadricycles
Type 2B – Quadricycles, Cars & Commercial Vehicles
Type 3 – Quadricycles, Cars & Commercial Vehicles
മറ്റുതരം ഹോണുകൾ ഉപയോഗിക്കുന്നതു മാത്രമല്ല ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകൾ വാഹനത്തിന്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം എന്നത് എല്ലാവർക്കും അറിയാം. കൂടാതെ സ്ഥിരമായ അതിൻ്റെ ഉപയോഗം അതുപയോഗിക്കുന്നവർക്ക് തന്നെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുമുണ്ട്.
ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണം
Less Horn
Low Horn & thus
No ‘Horn’