ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോറന്‍സിന്റെ വടിവൊത്ത ശരീരത്തില്‍ വെറ്ററന്‍ ആക്ടര്‍ സ്റ്റീവ് ബുസ്മിയുടെ തല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ തലയും ഉടലും അവിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ് ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളുടെ ഉറക്കം കെടുത്തുന്നത്.
പേടിപ്പെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ആമുഖമായിരിക്കാമിതെന്നാണ് പലരും പറയുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ പ്രസംഗം കേട്ട എല്ലാവര്‍ക്കും ഈ വാക്കുകള്‍ പരിചിതമാണ്. പക്ഷേ, ഇപ്പോള്‍ അവ ബുസിമിയുടെ വായില്‍ നിന്നാണ് വരുന്നതെന്നു മാത്രം.ഇതു കണ്ടു ഭയന്ന സോഷ്യല്‍ മീഡിയ പ്രേമികള്‍ വിഡിയോ ജെനിഫര്‍ ബുസിമി എന്ന പേരില്‍ ഷെയര്‍ ചെയ്യുകയാണ്. ഇത് പേടിസ്വപ്നങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് അവരില്‍ പലരും പറയുന്നത്.
ഇതു കൂടാതെ, നിരവധി പ്രശസ്തരുടെയും സിനിമാതാരങ്ങളുടെയും പോണ്‍ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. അശ്ലീല ക്ലിപ്പിലെ നായികയുടെ ഉടലില്‍ പ്രശസ്തരുടെ മുഖം ചേര്‍ത്താണ് ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ട്വിറ്റര്‍, റെഡിറ്റ്, അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സൈറ്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ച വിഡിയോ പ്രദര്‍ശിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു.
ഡീപ് ഫേക്ക് വിഡിയോയുടെ പുതിയ ഉദാഹരണം അത്രമേല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതല്ലെന്നു കാണാം. പക്ഷേ, ഇതുപോലും നിരവധി പേരെ അലോസരപ്പെടുത്തി കഴിഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഡീപ് ഫേക്ക് നിര്‍മിക്കുന്നത് ഒരു ഹോബിയാക്കിയവര്‍ ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെയും ഹിലറി ക്ലിന്റന്റെയുമൊക്കെ വിഡിയോ ഇറക്കിക്കഴിഞ്ഞു. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇവ കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വിഡിയോയിലുളള ഒരാളുടെ മുഖത്തെ പേശികളുടെ ചലനങ്ങള്‍ മാറ്റി വേറൊരാളുടേത് പതിപ്പിക്കാമെന്നു കാണിച്ചു തന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മുഖത്ത് മിന്നിമറയുന്ന സങ്കീര്‍ണ്ണമായ ഭാവ വ്യത്യാസങ്ങളെ എഐ ആദ്യം ആഴത്തില്‍ പഠിക്കും. പുതിയതായി സൃഷ്ടിക്കാന്‍ പോകുന്ന വിഡിയോയില്‍ ഇത് ധാരാളമായി ഉപയോഗിക്കുകയും ചെയ്യും. തല ചെരിക്കലുകള്‍, ചുണ്ടിന്റെ ചലനം, കണ്ണില്‍ വരുന്ന മാറ്റങ്ങള്‍ കണ്ണടയ്ക്കലുകള്‍ തുടങ്ങിയ ചലനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കും.
ഇതിനു ശേഷം ഇത്തരം വിശദാംശങ്ങള്‍ ലക്ഷ്യമിടുന്നയാളുടെ മുഖത്തു നിന്നും പകര്‍ത്തും. തുടര്‍ന്ന് സ്വാഭാവികമായ രീതിയില്‍ തന്നെ ഇവ വിഡിയോയില്‍ ചേര്‍ക്കും. മുഖത്തെ സ്വാഭാവിക ചലനങ്ങള്‍ മുഴുവന്‍ അതുപോലെ കാണിക്കുമ്പോള്‍ കാണുന്നയാള്‍ക്ക് ഇത് സ്വാഭാവികമാണെന്നു തോന്നും. അഡ്വേര്‍സേറിയല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ( Adv-erserial Neural Network) എന്ന താരതമ്യേന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാഖയാണ് ഇതിനു പിന്നില്‍. സമൂഹമാധ്യമങ്ങളിലൊക്കെ വന്ന് അസത്യങ്ങള്‍ വിളിച്ചു പറയാന്‍ ഇതുപയോഗിക്കാമെന്ന് ചിലര്‍ പ്രതികരിച്ചു.