നെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ ഉത്പന്നങ്ങൾ നൽകുന്ന കർഷകർക്ക് ആറുമാസമായി പണം കിട്ടുന്നില്ലെന്ന് പരാതി.
നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള 120-ലധികം കർഷകരാണ് ഉത്പന്നങ്ങളുടെ വില കിട്ടാതെ ദുരിതത്തിലായത്. മൊത്ത വ്യാപാര വിപണിയിൽ സംസ്ഥാന ഹോർട്ടികോർപ്പിനാണ് കർഷകർ ഉത്പന്നങ്ങൾ നൽകി പണത്തിനായി കാത്തിരിക്കേണ്ടി വരുന്നത്.
ഓരോ തവണയും സമരംചെയ്താൽ മാത്രമേ ഹോർട്ടികോർപ്പ് പണം നൽകൂ എന്ന സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. നിലവിൽ 2021 ഓഗസ്റ്റ് മുതലുള്ള ഉത്പന്നങ്ങളുടെ വിലയാണ് കിട്ടാനുള്ളത്.
ഓരോ കർഷകർക്കും 80,000 രൂപ മുതൽ 1.86 ലക്ഷം രൂപവരെ കിട്ടാനുണ്ട്. 120-ലധികം കർഷകർക്കായി ഏകദേശം 91 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കർഷകർ കൃഷി മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.
ആഴ്ചയിൽ മൂന്നുദിവസമാണ് അന്താരാഷ്ട്ര മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലേയും തുക അതത് ആഴ്ചതന്നെ കർഷകർക്കു കൊടുത്തു തീർക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, കഴിഞ്ഞ മൂന്നു നാലു വർഷങ്ങളായി ഹോർട്ടികോർപ്പ് ആറേഴുമാസത്തെ പണം കുടിശികയിട്ടാണ് നൽകുന്നത്. ഇതു വാങ്ങാനായി മിക്കപ്പോഴും സമരം ചെയ്യുകയോ കോടതി കയറുകയോ വേണമെന്ന് കർഷകർ പറയുന്നു.
ഓണക്കാലത്തും സമരം ചെയ്തതിനുശേഷമാണ് കിട്ടാനുള്ള തുക കിട്ടിയത്.കോവിഡ് മഹാമാരിയിൽ കനത്ത നഷ്ടത്തിലായ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്പോഴാണ് ഉത്പന്നങ്ങളുടെ വില യഥാസമയം നൽകാതെ ഹോർട്ടികോർപ്പ് കർഷകരെ വലയ്ക്കുന്നത് .
കർഷകർക്ക് ഇതല്ലാതെ മറ്റു വരുമാനങ്ങൾ ഒന്നും തന്നെയില്ല. മാത്രമല്ല ഏക്കറുകണക്കിനു കൃഷിഭൂമി പാട്ടത്തിനെടുത്താണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. പാട്ടത്തുക വർഷാവസാനമാണ് കൊടുക്കേണ്ടത്.