മറ്റത്തൂർ: വിഎഫ്പിസികെയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റത്തൂർ സ്വാശ്രയ കർഷക സമിതിയിലെ കർഷകർക്കു ഹോർട്ടിക്കോർപ്പ് നൽകാനുള്ളത് 26 ലക്ഷം രൂപ.2019-20 വർഷത്തിൽ പച്ചക്കറി സംഭരിച്ച ഇനത്തിലാണ് ഇത്രയും തുക കർഷകർക്കു നൽകാനുള്ളത്.
ഓണമെത്തിയിട്ടും കുടിശികയുള്ള തുക നൽകാൻ ഹോർട്ടികോർപ്പ് അധികൃതരിൽ നിന്നു നടപടിയുണ്ടാകാത്തത് കർഷകരെ നിരാശയിലാക്കുന്നു. 26,69,389 രൂപയാണ് ഹോർട്ടികോർപ്പ് ഇവിടത്തെ കർഷകർക്കു നല്കാനുള്ളത്. മറ്റത്തൂർ സ്വാശ്രയകർഷക സമിതിക്കു കീഴിലെ മുന്നൂറിലേറെ കർഷകർക്കാണ് 2019-20 കാലഘട്ടത്തിൽ വില്പന നടത്തിയ പച്ചക്കറിയുടെ വിലയായി ഇത്രയും തുക കിട്ടാനുള്ളത്.
ഹോർട്ടികോർപ്പിന്റെ സംസ്ഥാനത്തെ വിവിധ ഒൗട്ട്ലെറ്റുകളിലേക്കു പലപ്പോഴായി മറ്റത്തൂരിൽനിന്നു പച്ചക്കറി കൊണ്ടുപോയിരുന്നു. എറണാകുളം, ഗുരുവായൂർ, കൊല്ലം, തിരുവന്തപുരം, ചടയമംഗലം, പത്തനംതിട്ട, ആലപ്പുഴ, അടൂർ, ഹരിപ്പാട്, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നവിടങ്ങളിലെ ഒൗട്ട്ലറ്റുകളിലേക്കു കൊണ്ടുപോയ പച്ചക്കറിയുടെ വിലയാണ് ഇതുവരെ കർഷകർക്കു ലഭിക്കാത്തതെന്ന് മറ്റത്തൂർ സ്വാശ്രയകർഷക സമിതി പ്രസിഡന്റ് സി.കെ. പീതാംബരൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോർട്ടികോർപ്പ് ഇത്തരത്തിൽ മറ്റത്തൂരിൽനിന്നു പച്ചക്കറി സംഭരിക്കാറുണ്ട്. കാലതാമസം കൂടാതെ ഇതിന്റെ വില കർഷകസമിതി മുഖേന കർഷകർക്കു ലഭിക്കാറുമുണ്ട്. നേരത്തെ കർഷകസമിതിക്കു അതതു ഒൗട്ട്ലെറ്റുകളിൽ നിന്നാണ് പച്ചക്കറിയുടെ വില നൽകി പോന്നിരുന്നത്.
എന്നാൽ ഏത് ഒൗട്ട്ലെറ്റിലേക്കു പച്ചക്കറി കൊടുത്താലും ഹോർട്ടികോർപ്പിന്റെ പ്രധാന ഓഫീസ് മുഖേന കർഷകസമിതിക്കു പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തിയതോടെയാണ് ഇത്തരത്തിലുളള കാലതാമസം നേരിട്ടുതുടങ്ങിയതെന്നു കർഷകർ പറഞ്ഞു.
ഓണമടുത്തതോടെ ഉത്പന്നങ്ങൾ വിഎഫ്പിസികെ ആവശ്യപ്പെടുന്നുണ്ടെങ്കിലും കിട്ടാനുള്ള പണത്തെക്കുറിച്ചുചോദിക്കുന്പോൾ കൈമലർത്തുകയുമാണെന്നാണ് കർഷകർ ആരോപിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് വകുപ്പു മന്ത്രി, എംഎൽഎ എന്നിവരടക്കമുള്ള ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്നു സമിതി ഭാരവാഹികൾ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ വലയുന്ന കർഷകർക്കു തങ്ങൾ ഉത്പാദിപ്പിച്ച് വിറ്റഴിച്ച കാർഷിക വിഭവങ്ങളുടെ വില യഥാസമയം ലഭിക്കാത്തത് ദുരിതത്തിലാക്കിയിരിക്കയാണെന്നും സമിതിയുടെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾക്കു നൽകിവരാറുള്ള വിലവ്യത്യാസ വിതരണം ഇത്തവണ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കുടിശികയുള്ള തുക നൽകാനും അതോടൊപ്പം ഓണക്കാല വിപണി ലക്ഷ്യമിട്ടു മലയോര കർഷകർ ഉത്്പാദിപ്പിച്ച പച്ചക്കറി ഇനങ്ങൾ ന്യായവില നൽകി സംഭരിക്കാനും ഹോർട്ടികോർപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.