ജാക്സണ്‍വില്ല: കാൻസർ രോഗിയുടെ മുഖത്തു നോക്കി ചുമച്ചതിനു യുവതിക്ക് ജാക്സണ് വില്ല ജഡ്ജി നൽകിയത് 30 ദിവസത്തെ ജയിൽ ശിക്ഷയും, 500 ഡോളർ പിഴയും.
കഴിഞ്ഞ വർഷം കോവിഡ് വ്യാപകമായ സമയത്തായിരുന്നു സംഭവം.
ഡെബ്ര ഹണ്ടർ എന്ന യുവതി പിയർ വണ്‍ സ്റ്റോറിൽ എത്തിയത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നറിയുന്നതിനായിരുന്നു.
ഇതേ ആവശ്യത്തിനു തന്നെയായിരുന്നു കാൻസർ രോഗിയായ ഹെതറും ഇവിടെയെത്തിയത്. സ്റ്റോറിലെ ജീവനക്കാരുമായി ഹണ്ടർ തർക്കത്തിൽ ഏർപ്പെടുന്നത് ഹെതർ സെൽഫോണിൽ പകർത്തി.
ഇത് ഇഷ്ടപ്പെടാതിരുന്ന ഹണ്ടർ, ഹെതറിന്റെ മുന്നിലെത്തി ഗൗരവത്തോടെ മുഖത്തേക്കു നോക്കി ചുമയ്ക്കുകയായിരുന്നു.
ഈ സംഭവം കാൻസർ രോഗിയായ എന്നെ വല്ലാതെ വേദനിപ്പിക്കുകയും, തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായും ഹെതർ നൽകിയ പരാതിയിൽ ചൂണ്ടികാട്ടി.
തുടർന്നു കേസ് കോടതിയിലെത്തി. സംഭവത്തിൽ ഹണ്ടർ ഖേദം പ്രകടിപ്പിച്ചു.
തന്റെ വീട്ടിലുണ്ടായ ദുഃഖകരമായ സംഭവങ്ങളാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഹണ്ടർ വ്യക്തമാക്കി.
ഇതിനുശേഷം തന്റെ കുട്ടികൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു.
എന്നാൽ ജഡ്ജി യാതൊരു ആനുകൂല്യവും നൽകിയില്ല. മാത്രമല്ല രോഗിയായ ഹെതറിനു കോവിഡ് ടെസ്റ്റിനു ചിലവായ തുക നൽകണമെന്നും കോടതി വിധിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ