മെക്സിക്കോ സിറ്റി: പാട്ടിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന മെക്സിക്കൻ ഗായകൻ ഹൊസെ ഹൊസെയുടെ വിയോഗത്തിൽ ആരാധകർ തേങ്ങുന്നതിനിടെ വിവാദം തലപൊക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതാണ് വിവാദമായത്. ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു.
പ്രണയ, വിരഹ ഗാനങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഹൊസെ ശനിയാഴ്ചയാണ് മരിച്ചത്. അർബുദത്തിനു ചികിത്സയിലായിരുന്നു. 1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ “എൽ ത്രിസ്തെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേനേടിയ ഹൊസെയ്ക്ക് എട്ടു തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് രോഗബാധിതനായ ഹൊസെയുടെ സ്വരം നഷ്ടപ്പെട്ടിരുന്നു.
ഹൊസെയുടെ മൃതദേഹം എവിടെയാണെന്ന് അറിയില്ലെന്നും തങ്ങൾക്ക് മൃതദേഹം കാണാനുള്ള അവകാശമുണ്ടെന്നും മകൻ ജോയൽ ട്വിറ്റർ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. പിതാവിന്റെ മൃതദേഹം കാണാതെ യാതൊന്നും വിശ്വസിക്കുകയില്ലെന്ന് മറ്റൊരു മകൻ മരിസോളും പറഞ്ഞു. സംഭവത്തിൽ ഇവർ പോലീസിൽ പരാതിയും നൽകി. മെക്സിക്കൻ വിദേശകാര്യമന്ത്രി മാഴ്സെല്ലോ എബ്രാഡിനോട് സംഭവത്തിൽ ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.