തൊടുപുഴ: ജില്ലാ ആശുപത്രിയായി ഉയർത്തിയ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ചികിത്സ തേടിയെത്തുന്ന രോഗികൾ വലയുന്നു. നൂറുകണക്കിന് രോഗികൾ ദിവസേന ആശുപത്രിയിൽ എത്തുന്പോഴും നഴ്സ്മാരുടെയും ജീവനക്കാരുടെയും കുറവ് നികത്താൻ അധികൃതർക്ക് കഴിയാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇക്കാരണത്താൽ രോഗികൾക്ക് വിദഗ്ധ സേവനം കിട്ടാത്ത സ്ഥിതിയുമുണ്ട്.
നഴ്സുമാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെതന്നെ തകിടംമറിക്കുന്ന സാഹചര്യമാണുള്ളത്. ഒരുവർഷം മുന്പാണ് തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ, ഇതിന് വേണ്ട സ്റ്റാഫ് പാറ്റേണ് ഇതുവരെ ആശുപത്രിയിലില്ല. 123 നഴ്സുമാർ വേണ്ടിടത്ത് 47 പേരാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഓപറേഷൻ തിയറ്ററിൽ മൂന്ന് നഴ്സുമാരാണ് ജോലിക്കുണ്ടായിരുന്നത്. ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി ഫേോാട്ടാതെറപ്പി വിഭാഗം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ സ്റ്റാഫിനെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡയാലിസിസ് യൂണിറ്റിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് നഴ്സുമാരെ അധിക ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് മൂന്ന് ജീവനക്കാരെ നിയമിക്കുമെന്നും ഡിഎംഒ അറിയിച്ചിരുന്നു. എന്നാൽ, ഒരു വിഭാഗത്തിൽ മാത്രമല്ല മറ്റിടത്തും പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പലരും അവധി എടുക്കാതെ ജോലി ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നു. ആശുപത്രിയിലെ ക്ലീനിംഗ്് വിഭാഗത്തിലും ജീവനക്കാരുടെ അഭാവം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ഒരാൾ മാത്രമാണ് ഗ്രേഡ് 2 വിഭാഗത്തിൽ ശുചീകരണ ജോലിക്കുണ്ടായിരുന്നത്.
ഡോക്ടർമാരുടെ കുറവ് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടെങ്കിലും ഫിസിഷ്യൻമാരുടെ കുറവുണ്ട്. മൂന്നുപേർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. നൂറുകണക്കിനാളുകൾ കാണാൻ കാത്തുനിൽക്കുന്പോൾ ഡോക്ടർമാർക്കും രോഗികളെ കാര്യമായി ശ്രദ്ധിക്കാൻ കഴിയുന്നില്ല.
നിരവധി ആളുകളാണ് ചികിത്സ ലഭിക്കാൻ വൈകുന്നതുമൂലം കഷ്ടത അനുഭവിക്കുന്നത്. രാത്രിയും ഇവിടത്തെ സ്ഥിതി മാറ്റമില്ല. ഡോക്ടർ ഉണ്ടെങ്കിലും ആവശ്യത്തിന് ഡ്യൂട്ടി നഴ്സ് ഇല്ലാത്തതും ഈ സമയങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നു.
അടിയന്തരമായി അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് രോഗികളുടെയും അവർക്കൊപ്പം എത്തുന്നവരുടെയും ആവശ്യം. മണിക്കൂറുകൾ കാത്തുനിന്നാലും ഡോക്ടറെ കാണാനാവുന്നില്ലെന്നും ഇവർ പറയുന്നു.