വിതുര: വിതുര ഹോമിയോ ആശുപത്രിക്കു സ്വന്തമായി കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് പ്രഖ്യാപനത്തിൽ ഒതുങ്ങി.വിതുര പൊന്മുടി റോഡിൽ കെപിഎസ്എം ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെത്തണമെങ്കിൽ പടിക്കെട്ടിലൂടെ ഇറങ്ങണം.കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ആശുപത്രിക്ക് കെട്ടിടം നിർമിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പ് അധികാരികൾ നൽകിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.പഞ്ചായത്തിൽ മുഴുവൻ പ്രതിരോധ മരുന്നുകൾ ഉൾപ്പടെ വിതരണം ചെയ്യുന്ന മലയോരത്തെ പ്രധാന ആരോഗ്യ കേന്ദ്രത്തിനാണ് ഈ അവസ്ഥ.
കെട്ടിടത്തിൽ ആകെയുള്ള രണ്ടു ചെറിയ മുറികളിലൊന്ന് ഡോക്ടറുടെ മുറിയാണ്. പരിശോധന നടത്തുന്നതിനുള്ള സ്ഥലസൗകര്യം പോലും ഇതിനില്ല. മറ്റൊന്നിൽ പ്രവർത്തിക്കുന്ന ഫാർമസി യുടെ സ്ഥിതിയും ദയനീയമാണ്.
രോഗികൾക്ക് വിശ്രമിക്കാനുള്ള സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്നം.കെട്ടിടം നിർമിക്കാൻ ആദ്യം 51 ലക്ഷം അനുവദിച്ചതായും പിന്നീട് 62. ലക്ഷമാക്കി ഉയർത്തിയതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു.
പേപ്പാറ റോഡരികിൽ അങ്കണവാടിയോട് ചേർന്നുള്ള പഞ്ചായത്തു വക സ്ഥലത്ത് ഒപി കൗണ്ടർ,പരിശോധനാമുറി,ഫാർമസി, വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ രണ്ടു നിലകളിലായി കെട്ടിടം നിർമിക്കാനായിരുന്നു തീരുമാനം.
ഇതിനായി സ്ഥലം വൃത്തിയാക്കി മണ്ണിടിച്ചു മാറ്റിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ആശുപത്രികെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.