കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് താനെന്നും ഉടൻ ചികിത്സ വേണമെന്നും ആവശ്യപ്പെട്ടെത്തിയ യുവാവ് ജില്ലാ ആശുപത്രിയിൽ പരിഭ്രാന്തി പരത്തി. താവക്കര സ്വദേശിയായ 37 കാരനാണ് ഇന്നു രാവിലെ 6.30 ഓടെ ജില്ലാ ആശുപത്രിയിൽ എത്തി ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയത്.
ടി.പി കേസിലെ പ്രതിയാണെന്ന് സ്വയം പറയുകയും ചില മരുന്നുകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുചീട്ട് ഇല്ലാതെ മരുന്നുനൽകാനാവില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ഇതിൽ ക്ഷുഭിതനായ യുവാവ് കാഷ്യാലിറ്റിയുടെ വാതിൽ ചവിട്ടിപൊളിക്കുകയും ഡ്യൂട്ടി നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ ഇറങ്ങിയശേഷം കൈയുടെ ഞരന്പ് മുറിച്ച് രക്തം കാണിക്കുകയും ചെയ്തു. തനിക്ക് എച്ച്ഐവി രോഗമുണ്ടെന്നും രക്തം എല്ലാവരുടെയും ദേഹത്ത് തെറിപ്പിക്കുകയുംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനെ തുടർന്ന് ആശുപത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാർ സിറ്റി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിറ്റി പോലീസ് സ്ഥലത്തെത്തി ഇയാളെ ഡോക്ടറുടെ മുന്പിലെത്തിക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.