തുറവൂര്‍: ആരോഗ്യപരിചരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന ഓട്ടോമാറ്റിക് സ്ട്രചര് നിര്‍മിച്ചിരിക്കുകയാണ് കാവില്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ കുരുന്നുകള്‍. 2023- 24 വര്‍ഷത്തിലെ അടല്‍ ടിങ്കറിംഗ് ലാബ് മാരത്തോണ്‍ മത്സരത്തില്‍ ദേശീയതലത്തില്‍ മത്സരിച്ച 19700 പ്രോജകടുകളില് അംഗീകാരം കിട്ടിയ 500ല്‍ ഇടം നേടാനും ഈ പ്രോജക്ടിനായി. ജില്ലയില്‍നിന്ന് രണ്ടു സ്കൂളുകള്‍ക്കാണ് ഇതില്‍ ഇടം നേടാന്‍ സാധിച്ചത്.
കാവില്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആല്ഫിന് ജോസ്, സി.എസ്. വിഷ്ണു എന്നിവരാണ് ചരിത്രനേട്ടത്തിന്റെ അവകാശികള്‍. മനുഷ്യര്‍ക്ക് കടന്നുചെന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാധിക്കാത്തദുരന്ത സ്ഥലങ്ങളിലും അപകടമേഖലകളിലും റിമോട്ട് കണ്ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ഓട്ടോമാറ്റിക് സ്മാര്‍ട്ട് സ്ട്രചര് പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തി.
കൂടാതെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ജീവന് രക്ഷിക്കാവുന്ന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംവിധാനം. അഡിനോ, നോഡ് എംസിയു, പള്‍സ് സെന്‍സര്‍, ബ്ലൂടൂത്ത് മൊഡ്യൂള്‍, ഗിയര്‍ മോട്ടോര്‍ എന്നിവയെല്ലാമാണ് കുട്ടികള്‍ ഇതിന്റെ പ്രോട്ടോടൈപ്പ് തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം നാലുലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവുവരുന്നത്.
കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അത് സമൂഹനന്മയ്ക്ക് ഉതകുന്ന വിധത്തിലുള്ള ശാസ്ത്ര കണ്ടെത്തലുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് സഹായകരമായി നില്‍ക്കുന്നത്.
പ്രോജക്ട് ഗൈഡും പ്രധാന അധ്യാപികയുമായ ലീന തോമസ്, മെന്റര്‍മാരായ ജിതിന് ദിവാകരന്, ഹരി സാഗര്‍, ലിന്‍സി ലൂക്കോസ്, സ്മിതാ തോമസ്, പി.ജെ. ജോണ്‍, ജിയോ, ഷിജി ഐസക്, അനീഷ്, പിടിഎ പ്രസിഡന്റ് ജോജോ പരീയത്തറ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികള്‍ സ്കൂളില്‍ സ്മാര്‍ട്ട് സ്ട്രചര് പ്രോട്ടോടൈപ്പ് തയാറാക്കിയത്.
വയനാട് പോലുള്ള ഉരുള്‍പൊട്ടല്‍ മേഖലകളിലും മറ്റും ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് സ്ട്രചറുടെ വികസിത രൂപം നിര്‍മിക്കാന്‍ സന്മനസുകളുടെ സഹായ പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.