തിരുവനന്തപുരം: മൃതദേഹം വിട്ടു നൽകാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കളക്ടർ നവജ്യോത് ഖോസ. ദുരന്തനിവാരണ നിയമത്തിലെ 24,26,30 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടർ വ്യക്തമാക്കി.
ആശുപത്രി ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ കോവിഡ് രോഗിയുടെ മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ അനുമതി നൽകാതിരുന്ന സംഭവത്തെ തുടർന്നാണ് കളക്ടറുടെ നിർണായക ഇടപെടൽ.
ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണെന്നും സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ബിൽ താങ്ങാനാകുന്നില്ലെന്നും കളക്ടർ പറഞ്ഞു.
രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണെന്നും നവജ്യോത് സിംഗ് ഖോസ വ്യക്തമാക്കി.
അതേസമയം, നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കി.