ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയിലെത്തുന്ന രോഗികളിൽനിന്നും ഫീസ് പിരിവ് പ്രതിഷേധം ഉയരുന്നു. കാഷ്വാലിറ്റിയിൽ എത്തുന്നവരിൽനിന്നും 10 രൂപയാണ് ഫീസ് ഈടാക്കുന്നത്. അപകടത്തിൽപ്പെട്ടവരെ, പെട്ടെന്നുണ്ടാകുന്ന അസുഖം നിമിത്തമോ എത്തുന്ന രോഗികളിൽനിന്നാണ് ഫീസ് ഈടാക്കുന്നത്. ആശുപത്രിയിൽ എത്തുന്പോൾ തന്നെ 10 രൂപ ഫീസ് അടച്ചിരിക്കണം. ഇതിനുശേഷമേ പരിശോധന നടത്തുന്നുള്ളൂവെന്നാണ് രോഗികളുടെ പരാതി.
ചിലപ്പോൾ കൗണ്ടറിൽ ആൾ ഉണ്ടായിരിക്കില്ല. ഫീസ് പിരിക്കുന്ന ആൾ എത്തുന്നവരെ രോഗി കാത്തുനിൽക്കേണ്ട അവസ്ഥയും പതിവാണ്. രാത്രിസമയത്ത് പനി ബാധിച്ച് എത്തുന്നവർക്ക് മരുന്നു നൽകാതെ പുറമേയ്ക്ക് എഴുതികൊടുത്തതായും പരാതിയുണ്ട്. കാഷ്വാലിറ്റിയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്. ഫീസ് പിരിക്കുന്നതിനെതിരെ ജനപ്രതിനിധികളോട് പരാതി പരഞ്ഞിട്ടും യാതൊരു നടപടിയുമില്ല.
ആശുപത്രിയുടെ വികസനത്തിനുവേണ്ടി ഫണ്ടുണ്ടാക്കുന്നതിനാണ് ഫീസ് പിരിക്കുന്നതെന്നാണ് വിശദീകരണം. ആശുപത്രി വികസനത്തിനു സർക്കാർ ലക്ഷങ്ങൾ അനുവദിച്ചുവെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്പോഴാണ് പാവപ്പെട്ട രോഗികളിൽനിന്നും ഫീസ് പിരിക്കുന്നത്. നേരത്തെ കാഷ്വാലിറ്റിയിലെത്തുന്ന രോഗികളിൽനിന്നും ഫീസ് പിരിച്ചിരുന്നില്ല. അടിയന്തരമായി ചികിത്സയും ലഭിച്ചിരുന്നു.
കാഷ്വാലിറ്റിയിൽ ഒരു ചെറിയ മുറി മാത്രമാണുള്ളത്. ഇവിടെ ഒരു രോഗിയെ പ്രവേശിപ്പിച്ചാൽ ഡോക്ടർക്ക് മാത്രമെ കയറാൻ സ്ഥലമുള്ളൂ. കൂടുതൽ രോഗികൾ വന്നാൽ പുറത്ത് കിടത്തേണ്ട അവസ്ഥയാണ്.