തലശേരി: കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ആശുപത്രികളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഓക്സിജൻ സിലിണ്ടറുകൾ കവർന്ന സംഘത്തിൽ രണ്ടുപേർ തലശേരിയിൽ അറസ്റ്റിൽ. കാസർഗോഡ് അണങ്കൂരിലെ ദാമോദർഭട്ട് (47), പാപ്പിനിശേരിയിലെ രാജേഷ് (24) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസ ജോൺ, സിഎ എം.പി. ആസാദ്, എസ്ഐ എ. അഷറഫ്, എഎസ്ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഘത്തിലെ അംഗമെന്നു കരുതുന്ന കാസർഗോഡ് സ്വദേശിയായ മറ്റൊരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രി, ജോസ്ഗിരി ആശുപത്രി, മിഷൻ ആശുപത്രി എന്നിവിടങ്ങളിൽനിന്നു 14 ഓക്സിജൻ സിലിണ്ടറുകളാണ് ഈ സംഘം കവർന്നതായി ഇപ്പോൾ തെളിഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്. ഇയാളുടെ നേതൃത്വത്തിലാണ് കവർച്ച നടത്തിയിരുന്നത്. മോഷ്ടിക്കുന്ന സിലിണ്ടറുകൾ ദാമോദർ ഭട്ട് വഴിയാണ് വിൽപന നടത്തിയിരുന്നത്. സിലിണ്ടറുകളുടെ പേരുകൾ മായ്ച്ച് കളഞ്ഞ് സിലിണ്ടറിൽ ആർഗൺവാതകം നിറച്ച് വെൽഡിംഗ് പ്രവൃത്തി നടത്തുന്നവർക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്.
ഓരോ സിലിണ്ടറും 20,000 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. സ്റ്റെയർ കെയ്സുകളുടെ നിർമാണ ആവശ്യത്തിനുള്ള വെൽഡിംഗിനാണ് ആർഗൺ വാതകം ഉപയോഗിക്കുന്നത്. ആശുപത്രിയിലെ സിസിടിവിയിൽനിന്നാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വടക്കേമലബാറിലെ വിവിധ ആശുപത്രികളിൽനിന്ന് സംഘം കവർച്ച നടത്തിയതായി പോലീസ് അന്വേഷിച്ചു വരികയാണ്.