തലശേരി: ജനറൽ ആശുപത്രിയിൽ പൂർണ ഗർഭിണിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൂത്തുപറന്പ് മാങ്ങാട്ടിടം മാണിക്കോത്തുവയൽ മനോജ് ഭവനിൽ മനോജിന്റെ ഭാര്യ രമ്യ (30) യാണ് ഇന്നലെ പുലർച്ചെ 3.30 ഓടെ മരിച്ചത്.
പുലർച്ചെ രണ്ടുവരെ രമ്യ ആരോഗ്യവതിയായിരുന്നുവെന്നും 2.20 ഓടെയാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഫോറൻസിക് സർജൻ പോലീസിനെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സിംഗ് ജീവനക്കാരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പോലീസിനു പുറമെ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ, മരണത്തിനു പിന്നിൽ ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ഡ്യൂട്ടി ഡോക്ടറെ തടഞ്ഞിരുന്നു.
തുടർന്ന് രമ്യയുടെ ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിച്ചത്. റിപ്പോർട്ട് ലഭിച്ചതിനുശേഷം കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.