അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്കെതിരേ പോലീസ് കേസ്. ആശുപത്രി അധികൃതരുടെ വീഴ്ച മറച്ചുവയ്ക്കാനാണ് ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തതെന്നാണ് ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പുന്നക്കൽ സ്റ്റീഫനെ(54)യാണ് 2015 സെപ്തംബർ മൂന്നിനു മത്സ്യബന്ധനത്തിനിടെ വയറു വേദനയെ തുടർന്നു വണ്ടാനത്തു പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം മുതൽ രോഗി വേദന കൊണ്ട് പുളഞ്ഞെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് പിന്നീട് സർജറി വാർഡിലേക്ക് മാറ്റിയെങ്കിലും തറയിൽ തുണി വിരിച്ച് കിടക്കേണ്ട അവസ്ഥയിലായിരുന്നു. ഈ സമയം പ്രധാന ഡോക്ടർ ചികിത്സയ്ക്കെത്തിയെങ്കിലും കിടക്കയിൽ അല്ലാതിരുന്നതുമൂലം സ്റ്റീഫനെ പരിശോധിക്കാതെ ഡോക്ടർ പോയത്രേ.
വേദന കടുത്തപ്പോൾ അടിയന്തര സ്കാനിംഗിന് വിധേയമാക്കാൻ ജൂനിയർ ഡോക്ടർമാർ പറഞ്ഞു. തുടർന്നു നടത്തിയ സ്കാനിംഗ് പരിശോധനയിൽ കുടലുകൾ തമ്മിൽ പിരിഞ്ഞു കിടക്കുകയാണെന്നും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും നിർദേശിച്ചു. എന്നാൽ രണ്ടു ദിവസമായിട്ടും ശസ്ത്രക്രിയ നടത്താൻ പ്രധാന ഡോക്ടർ അടക്കമുള്ളവർ തയാറായില്ല. തുടർന്ന് കടുത്ത വേദനയാൽ സഹോദരൻ യോഹന്നാന്റെ മടിയിൽ തലവച്ചു കിടന്ന് സ്റ്റീഫൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പിന്നീട് മരണം സ്ഥിരീകരിക്കുന്നതിനു പകരം നഴ്സുമാർ ഇയാളെ അന്പലപ്പുഴ പോലീസിന്റെ സാന്നിധ്യത്തിൽ ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ സംഭവം കൂടുതൽ സംശയത്തിനിട നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആശുപത്രി പരിസരം സംഘർഷഭരിതമാകുകയായിരുന്നു. എന്നാൽ വൻ പോലീസ് സന്നാഹമെത്തി ഇവരെ വിരട്ടിയോടിച്ചു.
സംഭവമറിഞ്ഞ് അന്നത്തെ എംഎൽഎ ആയിരുന്ന മന്ത്രി ജി. സുധാകരൻ ആശുപത്രിയിലെത്തി സൂപ്രണ്ട്, ഡിവൈഎസ്പി, മറ്റു ജനപ്രതിനിധികൾ, മരിച്ച ആളുകളുടെ ബന്ധുക്കൾ എന്നിവരുമായി അനുരഞ്ജന ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാത്രി 12 ഓടെ സ്റ്റീഫന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
ഈ സംഭവത്തിനു ശേഷം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മരിച്ച ആളിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയെങ്കിലും ആ റിപ്പാർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനും രണ്ടുവട്ടം ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ ഈ സംഭവം ഉണ്ടായ നാൾ മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേ ഒരു നടപടിയുമില്ലാതെ കനിവു പ്രതീക്ഷിച്ചിരുന്ന തങ്ങൾക്കെതിരേ കേസു വന്നതിന്റെ വേദനയിലാണ് സ്റ്റീഫന്റെ കുടുംബം.