കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഒന്നരവർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ മന്ത്രിമാർ ചികിത്സ ഇനത്തിൽ ചെലവഴിച്ചത് 23,04,438 രൂപ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 4,82,467 രൂപ. 3,81,846 രൂപയുമായി കെ.കെ. ശൈലജയാണു തൊട്ടുപിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയൻ 78,898 രൂപ ചികിത്സ ഇനത്തിൽ ചെലവഴിച്ചു.
കെ. രാജു-2,79,927, ടി.പി. രാമകൃഷ്ണൻ-2,03,043, വി.എസ്. സുനിൽകുമാർ 1,85,122, തോമസ് ഐസക്-1,52,124 എന്നിങ്ങനെ പണം ചെലവഴിച്ചു. മുൻമന്ത്രി എ.കെ. ശശീന്ദ്രനാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചിരിക്കുന്നത്. 10,145 രൂപ. മന്ത്രിമാർ അധികാരത്തിലേറിയശേഷം 2017 ഒക്ടോബർ 31 വരെ ചികിത്സാ ഇനത്തിൽ പൊതുഖജനാവിൽനിന്നു ചെലവഴിച്ച തുകയാണിത്.
മറ്റു മന്ത്രിമാർ കൈപ്പറ്റിയ തുക: ജെ. മേഴ്സിക്കുട്ടിയമ്മ-1,45,728, ജി. സുധാകരൻ-1,00,047, കെ.ടി. ജലീൽ -73,790, മാത്യു ടി. തോമസ്-64,273, എം.എം. മണി-35,225, കടന്നപ്പള്ളി രാമചന്ദ്രൻ-33,702, ഇ. ചന്ദ്രശേഖരൻ-28,443, എ.കെ. ബാലൻ-16,458. മുൻമന്ത്രി ഇ.പി. ജയരാജൻ 33,200 രൂപ ചെലവഴിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 1,92,997 രൂപയാണു ചികിത്സ ഇനത്തിൽ ചെലവഴിച്ചത്.
വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ തിരുവനന്തപുരം പൊതുഭരണവകുപ്പിൽനിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റി എന്ന പരാതിയിൽ മന്ത്രി കെ.കെ. ശൈലജ വിജിലൻസ് അന്വേഷണം നേരിടുകയാണ്. ചികിത്സയുടെ പേരിൽ ഭക്ഷണത്തിനുള്ള ചെലവും മന്തി കൈപ്പറ്റിയെന്നാണു മന്ത്രി നേരിടുന്ന പ്രധാന ആരോപണം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ റീഇംന്പേഴ്മെന്റ് മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഒക്ടോബർ 31 വരെയുള്ള കാലയളവിൽ മന്ത്രിമാരാരും വിദേശത്തു ചികിത്സ നടത്തിയതിനുള്ള തുക ലഭിക്കുന്നതിനായി വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു ചികിത്സ ഇനത്തിൽ അനുവദിക്കുന്ന തുകയ്ക്കു പരിധി നിഷ്കർഷിച്ചിട്ടില്ല.
നിലവിലെ നിയമപ്രകാരം മെഡിക്കൽ റീ ഇംബേഴ്മെന്റിനായി സമർപ്പിക്കുന്ന അപേക്ഷയിൽ ലക്ഷ്വറി ടാക്സ്, ഡയറ്റ് ചാർജ് എന്നിവ ഒഴികെയുള്ള തുക മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് അനുവദിച്ചു നൽകും.