ജിജേഷ് ചാവശേരി
മട്ടന്നൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 18 വയസുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ഏർപ്പെടുത്തിയത്. ഒപി ടിക്കറ്റ്, ലാബ്, ദന്തൽ വിഭാഗം, സ്കാനിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നൽകുന്നത്.
ഒപി ടിക്കറ്റിന് രണ്ട് രൂപയും ലാബിൽ 50 രൂപയും ദന്തൽ വിഭാഗത്തിൽ 30 രൂപ മുതൽ 100 രൂപയുമാണ് മിക്ക സർക്കാർ ആശുപത്രികളിലും ഈടാക്കുന്നത്. ഇനി മുതൽ 18 വയസിന് താഴെയുള്ളവർക്ക് ഫീസ് നൽകേണ്ടതില്ല. ദിവസവും പനി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് നൂറ് കണക്കിന് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
മേയ് ഒന്നു മുതൽ സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ നടപ്പിലാക്കാൻ തുടങ്ങി. സർക്കാരിന്റെ പുതിയ സൗജന്യ പദ്ധതി ആശുപത്രികളിൽ നടപ്പിലാക്കാൻ തുടങ്ങിയതോടെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഉൾപ്പെടെ ആശ്വാസമായിരിക്കുകയാണ്. ഓരോ സർക്കാർ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കുന്നതിന് എൻആർഎച്ച്എമ്മാണ് ഫണ്ട് നൽകുന്നത്.