ഇടുക്കി: മണിക്കൂറുകളോളം ജില്ലാ ആശുപത്രിയിൽ ക്യൂ നിന്നിട്ടും ചീട്ടുകൊടുക്കാതെ കുശലം പറഞ്ഞിരുന്ന ജീവനക്കാരിയുടെ കൃത്യവിലോപം സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവം വിവാദമായതോടെ ജീവനക്കാരിയെ ജോലിയിൽനിന്നു മാറ്റിനിർത്തി. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽനിന്നു കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരും പ്രായമായവരും രാവിലെ മുതൽ ചീട്ടിനായി ഉൗഴവും കാത്തുനിൽപ്പു തുടങ്ങിയതാണ്. ഇവരെ കണ്ടില്ലെന്നു നടിച്ചു കളിചിരിയും തമാശയുമായി നേരം കളയുകയായിരുന്നു ജീവനക്കാർ.
മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്ന ഒരു യുവാവാണു സംഭവം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. രോഗികളുടെ ബുദ്ധിമുട്ടും കുട്ടികളുടെ കരച്ചിലും ജീവനക്കാർ അവഗണിക്കുന്നത് വീഡിയോയിൽ കാണാം. സമയം കഴിഞ്ഞിട്ടും ചീട്ടു കൊടുക്കാത്തതിന്റെ കാരണം തിരക്കിയ യുവാവിനോടു ടോക്കണ്‍ തരുന്നില്ലെന്നു പറഞ്ഞു ജീവനക്കാരി കയർക്കുന്നതും എഴുന്നേറ്റു പോകുന്നതും കാണാം. ഇതിനിടെ, ആശുപത്രിയിൽനിന്നു പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരൻ വന്നു. ഒടുവിൽ ഒരു സീനിയർ ഡോക്ടർ വന്നു പ്രശ്നം പരിഹരിക്കാൻ നോക്കിയിട്ടും ജീവനക്കാരി സീറ്റിലേക്കു വരാനോ ചീട്ടുകൊടുക്കാനോ തയാറായില്ല.
ഇതിനിടെ, രോഗികളും പ്രതിഷേധമുയർത്തി. രംഗം മോശമായതോടെ ഒടുവിൽ ചീട്ടുകൊടുക്കുകയായിരുന്നു. ഇവർക്കെതിരേ നേരത്തെയും ചില ആരോപണങ്ങൾ ഉയർന്നിരുന്നതായി രോഗികൾ പറയുന്നു. രാഷ്ട്രീയ സ്വാധീനത്താൽ മുങ്ങിപ്പോവുകയായിരുന്നത്രേ. ജീവനക്കാരിയെ മാറ്റിനിർത്തി വിശദമായ അന്വേഷണം നടത്തുമെന്നും ഇവർക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇടുക്കി ഡിഎംഒ ഡോ.പി.കെ. സുഷമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ഒന്നര ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തോളം ലൈക്കുകളും ഇതിനകം ലഭിച്ചു.