കോട്ടയം: ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ പണം തട്ടിയെടുക്കുന്ന സ്ത്രീ വീണ്ടും രംഗത്തെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിനു മുന്നിലെ വരാന്തയിൽ ഇരുന്ന സ്ത്രീയുടെ പണമടങ്ങിയ പഴ്സ് കഴിഞ്ഞ ദിവസം കാണാതായി. പാന്പാടി സ്വദേശിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്സ് ആണ് കാണാതായത്. ഗൈനക്കോളജി വിഭാഗത്തിലെ ലേബർ റൂമിനു മുന്നിൽ മുപ്പതോളം ആളുകൾ ഇരിപ്പുണ്ടായിരുന്നു.
ഗർഭിണിയെ ലേബർ റൂമിൽ കയറ്റുന്പോൾ ബന്ധുക്കളായി എത്തുന്നവർ വരാന്തയിൽ കാത്തിരിക്കും. ഇരിക്കാനുള്ള ബഞ്ചും കസേരയും ഇവിടെയുണ്ട്. കേസര നിറഞ്ഞാൽ ആളുകൾ നിലത്തിരിക്കും. ഇവിടെയിരിക്കുകയായിരുന്ന സ്ത്രീ പഴ്സിൽ നിന്ന് പണം എടുത്ത് എണ്ണുകയും മറ്റും ചെയ്ത ശേഷം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ എന്തോ വാങ്ങാനായി അവർ പുറത്തേക്ക് പോയി. ഗൈനക്കോളജി കെട്ടിടത്തിന്റെ പുറത്തെത്തിയപ്പോഴാണ് പഴ്സ് എടുക്കാൻ മറന്ന വിവരം ഓർത്തത്. ഉടൻ ലേബർ റൂമിനു മുന്നിലേക്ക് ഓടിയെത്തി. അപ്പോഴേക്കും പഴ്സ് ആരോ തട്ടിയെടുത്തിരുന്നു. രണ്ടു മിനിട്ടു പോലും വേണ്ടി വന്നില്ല പഴ്സുമായി അജ്ഞാതയായ സ്ത്രീ കടന്നിരുന്നു.
മുൻപും സമാനമായ കവർച്ചകൾ ആശുപത്രിയിൽ നടന്നിട്ടുണ്ട്. പലരെയും പിടികൂടിയിട്ടുമുണ്ട്. എന്നിട്ടും ഇപ്പോഴും ഇത്തരം കവർച്ചകൾ തുടരുന്നു. ഇതിൽ ആശുപത്രി അധികൃതർക്ക് ഒന്നും ചെയ്യാനാവില്ല. കാരണം ലേബർ റൂമിനു മുന്നിലിരിക്കുന്നവരിൽ ആരാണ് മോഷ്ടാവ് എന്നു കണ്ടെത്താനാവില്ല എന്നതാണ്. പണവും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്.
തട്ടിപ്പുകാരിയായ സ്ത്രീ ഇപ്പോഴും അവിടെ കറങ്ങുന്നുണ്ട്. അതാരാണ് ? എങ്ങനെ അവരെ പിടികൂടും ? രോഗികളുമായി ആശുപത്രിയിൽ എത്തുന്നവരുടെ പണം നഷ്ടപ്പെട്ടാൽ പരാതിയൊന്നും നല്കാൻ ആരും തയാറാവുകയില്ല എന്നതാണ് കവർച്ചക്കാരുടെ നേട്ടം. ഇഷ്ടം പോലെ വനിതാ പോലീസും മറ്റുമുള്ളതല്ലേ മഫ്തിയിൽ വനിതാ പോലീസിനെ നിയോഗിച്ചാൽ ചിലപ്പോൾ കവർച്ചക്കാരിയെ പിടികൂടാൻ കഴിഞ്ഞേക്കുമെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ നിർദേശം.