കായംകുളം: താലൂക്കാശുപത്രിയിൽ ഒപി വിഭാഗം അടച്ചിട്ട് ഡോക്ടർമാരും ജീവനക്കാരും ഓണം ആഘോഷിക്കാൻ പോയത് വിവാദമായി. ഉത്രാട ദിവസമായ ഞായറാഴ്ച മുതലാണ് ഒപി പ്രവർത്തനം തടസപ്പെട്ടത്. ഇതോടെ ചികിത്സ തേടിയെത്തിയ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
ജില്ലയിൽ എല്ലാ സർക്കാർ ആശുപത്രികളും പതിവുപോലെ പ്രവർത്തിച്ചപ്പോൾ കായംകുളത്ത് മാത്രം വീഴ്ച സംഭവിച്ചത് അന്വേഷിക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി ഉയർന്നിട്ടുണ്ട്.
പ്രതിഷേധം ഉയർന്നതോടെ ഇന്നലെ രാവിലെ 11.30 മുതൽ ഒ.പി പ്രവർത്തിപ്പിക്കാനും തയാറായി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. ജില്ലാ സെക്രട്ടറി ബിജു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബി. ഷിബു അധ്യക്ഷത വഹിച്ചു.