തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ആസൂത്രണമില്ലാതെയുള്ള നിർമാണവും ക്രമീകരണവും രോഗികളെ ദുരിത്തിലാക്കുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒപികളിലേക്ക് കയറിച്ചെല്ലാൻ റാന്പ് സംവിധാനമില്ലാത്തതിനാൽ വയോധികരും രോഗികളും ഏറെ ക്ലേശിക്കുകയാണ്. നിലവിൽ രണ്ടാം നിലയിലേക്ക് രോഗികൾ പടികൾ കയറിയാണ് പോകേണ്ടി വരുന്നത്.
കണ്ണ്, ഇഎൻടി, ഓർത്തോ തുടങ്ങിയ ഒപികൾ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. 22 പടികൾ കയറിവേണം രണ്ടാം നിലയിലെത്താൻ. ആശുപത്രികളില്‍ രോഗികളെ മുകള്‍നിലകളിലേക്ക് കൊണ്ടുപോകുന്നതിന് റാമ്പുകളോ അല്ലെങ്കില്‍ ലിഫ്റ്റുകളോ വേണമെന്നിക്കെയാണ് തളിപ്പറന്പിൽ ഒരു സൗകര്യവും ഒരുക്കാതിരിക്കുന്നത്.
ഏറെക്കാലം നിര്‍മാണം മുടങ്ങിയ ഒപി കെട്ടിടം മൂന്ന് വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. തികച്ചും അശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത കെട്ടിടമെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന ഒപി വിഭാഗങ്ങള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയോ അതല്ലെങ്കില്‍ മുകള്‍ നിലയിലേക്ക് റാമ്പ് നിര്‍മിക്കുകയോ ചെയ്യണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
കോടിക്കണക്കിന് രൂപ രോഗികള്‍ക്ക് ഉപകാരപ്പെടാത്ത പല കാര്യങ്ങള്‍ക്കുമായി ഇവിടെ ചെലവഴിക്കപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള അത്യാവശ്യങ്ങള്‍ തിരസ്ക്കരിക്കപ്പെടുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.