അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം.എസ്. പത്മനാഭന്റെ അവസരോചിതമായ ഇടപെടലിലൂടെ രണ്ടര വയസുകാരനു പുനർജന്മം.അട്ടപ്പാടിയിലെ അതിവിദൂര ഊരായ ഗലസിയിൽനിന്ന് എത്തിയ കുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാനായത്. ന്യുമോണിയ ബാധിച്ച് കടുത്ത ചുമയും ശരീരത്തിൽ ജലാംശവും നഷ്ടപ്പെട്ട അവശനിലയിൽ പതിനാലാം തീയതി വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ രക്ഷിതാക്കൾ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കുന്നത്.
ഉടൻ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സകൾ തുടങ്ങി. ഗ്ലൂക്കോസ് നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്കിടെ രക്ഷിതാക്കൾ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കുട്ടിയുമായി കടന്നുകളയുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രാത്രി 10.45യോടെയാണ് കുഞ്ഞിനെ കാണാതായത്. സംഭവം അറിഞ്ഞ ഉടൻ ആശുപത്രി സൂപ്രണ്ട് പോലീസ്, വനം, ഐടിഡിപി, എസ് ടി പ്രൊമോട്ടർമാർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കു സന്ദേശം കൈമാറി. രാത്രി മഴ ഉണ്ടായിരുന്നതിനാൽ ഗലസി ഊരിലേക്കുപോകാൻ ആവില്ലെന്ന് വ്യക്തമായിരുന്നു.
പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് നിരീക്ഷണത്തിനു ഏർപ്പാടുകൾ ചെയ്തു. നിരീക്ഷണത്തിനിടെ ഐടിഡിപി നഴ്സ് പരമേശ്വരൻ ഫീൽഡ് വർക്കർമാരായ മുരുകൻ ഷൈജു, മുത്തു എന്നിവരാണു കുട്ടി കൽക്കണ്ടിയിലുണ്ടെന്നു കണ്ടെത്തി ഡോക്ടർക്ക് വിവരം നൽകിയത്. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ ഉണ്ടായിരുന്നില്ല.
ഡ്രൈവർക്കുവേണ്ടി കാത്തു നിൽക്കാതെ സൂപ്രണ്ട് പത്മനാഭൻ തന്നെ ആംബുലൻസുമായി കൽക്കണ്ടിയിലേക്കു പുറപ്പെട്ടു. അനസ്തേഷ്യ ടെക്നോളജിസ്റ്റ് ഷഹബാസ് ഒപ്പമുണ്ടായിരുന്നു.കൽക്കണ്ടിയിലെത്തി കുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ച് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തി കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു.
തീർത്തും അവശനിലയിലെത്തിയ കുഞ്ഞിനെ രാത്രി 11.20 ന് ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില മെച്ചപ്പെട്ടു വരുന്നതായി അധികൃതർ അറിയിച്ചു.