പോൾ മാത്യു
തൃശൂർ: മുൻകൂറായി പണം നല്കിയിട്ടും ജില്ലയിലെ ഒട്ടുമിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും കിട്ടാനുള്ളത് രണ്ടുകോടി രൂപയുടെ മരുന്ന്. ദിനംപ്രതി എത്തുന്ന പാവപ്പെട്ടവരായ ആയിരക്കണക്കിനു രോഗികൾക്ക് ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകളാണ് ഇതുവരെയായിട്ടും നല്കാത്തത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വർഷത്തെ പദ്ധതി വഴി കാരുണ്യ ഫാർമസിയിൽനിന്നു മരുന്നു ലഭിക്കുന്നതിനാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്(കെഎം സിഎൽ) ഡിഡി എടുത്ത് പണം മുൻകൂർ കൈമാറിയത്. അത്യാവശ്യ മരുന്നുകൾക്കു ക്ഷാമം ഇല്ലാതിരിക്കാനാണ് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും വഴി പണം നൽകിയത്.
മരുന്നുകൾക്കു ക്ഷാമം നേരിടുന്ന വിഷയം കെഎംസിഎലിനെ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യമാണ്. ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും അവശ്യമരുന്നില്ലെന്ന വിവരമൊക്കെ അറിയാമെങ്കിലും യാതൊരു നടപടികളും എടുക്കുന്നില്ലെന്നതാണ് വാസ്തവം. എല്ലാ ആശുപത്രികളിലും ആവശ്യത്തിനു മരുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ് അധികൃതർ.
ജില്ലയിലെ 120 ആരോഗ്യ കേന്ദ്രങ്ങളിൽ 100 കേന്ദ്രങ്ങളിലും 1,99,71,752 രൂപയുടെ മരുന്നുകളാണ് ലഭിക്കാനുള്ളത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇത്രയും ഭീമമായ തുകയുടെ മരുന്ന് ഇനിയും ലഭിച്ചിട്ടില്ലെന്നു രേഖാമൂലം മറുപടി നല്കിയിരിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിനു രോഗികളെത്തുന്ന ചില ആരോഗ്യ കേന്ദ്രങ്ങളിൽ 15 ലക്ഷം രൂപയുടെ മരുന്ന് ഇനിയും ലഭിച്ചിട്ടില്ല. വളരെ പാവപ്പെട്ടവരാണ് ഇവിടെ എത്തുന്നവരിൽ ഭൂരിപക്ഷവും. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ പാണഞ്ചേരിയിലെ മലയോര പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് വെള്ളാനിക്കരയിലെ ആശുപത്രി. ഇവിടെയും മാസങ്ങൾക്കുമുന്പ് ലക്ഷങ്ങൾ നല്കിയിട്ടും മരുന്ന് എത്തിച്ചിട്ടില്ല (ബോക്സ് കാണുക)
പണം മുൻകൂറായി നല്കിയിട്ടും സമയത്തിനു മരുന്നെത്തിക്കാത്തതു ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ഒരു വർഷം മുന്പ് പണം നൽകിയിട്ടും മരുന്ന് വിതരണം ചെയ്യാത്തതിന്റെ കാരണം പോലും ബന്ധപ്പെട്ടവരെ അറിയിക്കാൻ ഉത്തരവാദപ്പെട്ടവരും തയാറാകുന്നില്ല.
ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നില്ലെന്നു പറഞ്ഞാൽ, രോഗികൾ പുറത്തുള്ള സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് പണം കൊടുത്ത് മരുന്നു വാങ്ങിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ മെഡിക്കൽ കന്പനികളുമായുള്ള ചില ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് മരുന്ന് സമയത്തിന് എത്തിക്കാത്തതിനു പിന്നിലെന്നും ആരോപണമുണ്ട്.