മൂവാറ്റുപുഴ: ആശുപത്രി മാലിന്യം വാർഡിനു സമീപം നിക്ഷേപിക്കുന്നതായി പരാതി. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയേറെയുള്ള മാലിന്യങ്ങളാണ് ഗവ.ഹോമിയോ ആശുപത്രി വാർഡിനു സമീപം കൂട്ടിയിട്ടിരിക്കുന്നത്.
ലാബിൽ പരിശോധനയ്ക്കെടുക്കുന്ന രക്ത സാന്പിളുകൾ, സിറിഞ്ചുകൾ, മറ്റു മാലിന്യങ്ങൾ എന്നിവയാണ് അലക്ഷ്യമായി വാർഡിനു സമീപം സൂക്ഷിച്ചിരിക്കുന്നത്. ദിവസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽനിന്ന് ഉയരുന്ന അസഹ്യമായ ദുർഗന്ധം കിടപ്പു രോഗികളെ ശ്വാസം മുട്ടിക്കുകയാണ്.
നേരത്തെ ഇവ ആശുപത്രി കോന്പൗണ്ടിൽ കുഴിച്ചിടുകയായിരുന്നു പതിവ്. എന്നാൽ പരാതി ഉയർന്നതോടെ നഗരസഭയുടെ ഡന്പിംഗ് യാർഡിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവ വാർഡിനു സമീപം കൂട്ടിയിടുന്നത്.
ദിനംപ്രതി നഗരസഭ ജീവനക്കാർ മാലിന്യം കൊണ്ടുപോകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്തിട്ടില്ല. ഇതോടെയാണ് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. വിവിധ രോഗികളുടെ രക്തസാന്പിളുകൾ അടക്കമുള്ളവ അലക്ഷ്യമായി കിടപ്പു രോഗികളുടെ വാർഡിനു സമീപം സൂക്ഷിച്ചിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.