മോർച്ചറിയിൽ 17 ദിവസമായി 70 വയസുകാരന്റെ മൃതദേഹം ആളില്ലാതെ അശ്രദ്ധമായ് സൂക്ഷിച്ചു. ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) മോർച്ചറിയിലാണ് മൃതദേഹം ദിവസങ്ങളായ് കിടക്കുന്നത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് ജൂലൈ 22 ന് ജിംസിൽ പ്രവേശിപ്പിച്ച രോഗി സെപ്റ്റംബർ 23 ന് മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളില്ലാതെ സൂക്ഷിച്ചിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ആരോഗ്യമന്ത്രി പഥക് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജിംസ് ഡയറക്ടറിൽ നിന്ന് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ മൃതദേഹം ഫ്രീസറിൽ 17 ദിവസത്തോളം അശ്രദ്ധമായി സൂക്ഷിക്കുകയും അക്കാര്യം മറക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മുഴുവൻ അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി പഥക് വ്യക്തമാക്കി.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ നിരവധി തവണ വിളിച്ചിട്ടും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. ഒടുവിൽ പ്രാദേശിക കസ്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ജിഐഎംഎസ് പറഞ്ഞു.
രണ്ട് മാസത്തിലേറെയായി മുഴുവൻ ചികിത്സയും രോഗിക്ക് സൗജന്യമായി നൽകി, ഒന്നിലധികം വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഈ രോഗിയെ നോക്കിയെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.