തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കിടപ്പ് രോഗികള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ കമ്മീഷന് ഭീഷണിപ്പെടുത്തി തട്ടിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. ഇന്നലെ അറസ്റ്റിലായ കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി. ഉണ്ണികൃഷ്ണനെ (50) ചോദ്യം ചെയ്തതിൽ നിന്നാണ് ഉന്നതരായ ചില ഉദ്യോഗസ്ഥർ പിന്നിലുണ്ടെന്ന സൂചന ലഭിച്ചത്. സംഭവത്തെക്കുറിച്ച് തളിപ്പറന്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് താലൂക്ക് ഓഫീസുകളില്‍ നിന്നും സമ്പാദിച്ച് അതിലെ വിലാസത്തില്‍ നേരിട്ടെത്തിയാണ് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത് താനാണെന്നും വിശ്വസിപ്പിച്ച് 10,000 രൂപ കമ്മീഷന് ആവശ്യപ്പെടുന്നത്. കൊടുക്കാന്‍ മടികാണിക്കുന്നവരോട് ഇത് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്.
തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ ഇത്തരത്തില്‍ ദുരിതാശ്വാസ ധനസഹായം ലഭിച്ച പലരും ഉണ്ണികൃഷ്ണന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജയിംസ്മാത്യു എംഎല്‍എയുടെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് ഇന്നലെ ഉണ്ണികൃഷ്ണനെ പിടികൂടിയത്.
കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സുലേഖ മന്‍സില്‍ എ.വി. സിറാജുദ്ദിനാണ് ഇതുസംബന്ധിച്ച് എംഎല്‍എക്ക് പരാതി നല്‍കിയത്. സിറാജുദ്ദിന്റെ ജ്യേഷ്ഠസഹോദരന് കാഞ്ഞിരങ്ങാട്ടെ എ.വി. യഹിയ ജയിംസ് മാത്യു എംഎല്‍എ മുഖേന നല്കിയ അപേക്ഷയെതുടര്‍ന്ന് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചിരുന്നു.
ഈ വിവരം ഉണ്ണിക്കൃഷ്ണനാണ് യഹിയയുടെ വീട്ടിലെത്തി അറിയിച്ചത്. താനിടപ്പെട്ടാണ് സഹായം അനുവദിച്ചതെന്നും അതുകൊണ്ട് കമ്മീഷനായി 10,000 രൂപ വേണമെന്നും ഉണ്ണിക്കൃഷ്ണന് ആവശ്യപ്പെട്ടു. ആദ്യം 1000 രൂപ ഉണ്ണിക്കൃഷ്ണന് കൊടുത്തു. അനര്‍ഹനാണെന്ന് പറഞ്ഞ് സഹായം പിന്‍വലിപ്പിക്കുമെന്ന നിരന്തരഭീഷണിയെ തുടര്‍ന്ന് ചെക്ക് മാറിയശേഷം 8000 രൂപകൂടി കൈമാറി. 1000 രൂപകൂടി ആവശ്യപ്പെട്ട് വീണ്ടും ഉണ്ണിക്കൃഷ്ണന് ശല്യം തുടര്‍ന്നു. സിറാജുദ്ദീന് ഈ ഘട്ടത്തിലാണ് വിവരം എംഎല്‍എയെ അറിയിക്കുന്നത്.