നെടുങ്കണ്ടം: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്കു കടത്തിയതായി ആരോപണം. രണ്ടു ലക്ഷം രൂപവരെ വാങ്ങിയാണ് അറുപതോളം പേരെ മലേഷ്യയിലേക്കി കടത്തിയത്.
ജോലിയും വിസയും ലഭിക്കാതെ അമ്പതോളം പേര് മലേഷ്യയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവിടെനിന്നു രക്ഷപ്പെട്ടെത്തിയവര്‍ ആരോപിച്ചു.
മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്കിംഗ് സെക്ഷനുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിനെതിരേ തട്ടിപ്പിനിരയായ യുവാക്കളുടെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി.
എണ്‍പതിനായിരം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിക്കായി ഒരു ലക്ഷം രൂപമുതല്‍ രണ്ടു ലക്ഷം രൂപവരെ ഇയാള്‍ യുവാക്കളില്‍നിന്നു വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.
ചെന്നൈയില്‍ എത്തുമ്പോള്‍ വിസ നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തായ്ലന്റില് എത്തുമ്പോഴേക്കും വിസ ശരിയാകുമെന്നു പറഞ്ഞ് ഇവരെ തായ്ലന്റിലേക്ക് അയച്ചു. തുടര്‍ന്ന് തായ്ലന്റില്നിന്നു രഹസ്യമാര്‍ഗത്തിലൂടെ ഇവരെ മലേഷ്യയിലേക്ക് കടത്തി.
തായ്ലന്റില് എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല.
എട്ടു മണിക്കൂറോളം വനമേഖലയിലൂടെ നടന്നും അടച്ചുമൂടിയ കണ്ടെയ്നര്‍ ലോറികളിലും ബോട്ട് മാര്‍ഗവും യാത്ര ചെയ്താണ് ഇവരെ മലേഷ്യയില്‍ എത്തിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
അഗസ്റ്റിന്റെ മകന് മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇതു മറയാക്കിയാണ് തട്ടിപ്പു നടന്നത്. മലേഷ്യയിലേക്കു പോയ ആറു യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്ലന്റില് എത്തി കീഴടങ്ങിയശേഷം ഗവണ്മെന്റിന്റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തുകയായിരുന്നു.
അമ്പതോളം യുവാക്കള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് ഇവര്‍ പറയുന്നത്.പാസ്പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാകുന്നില്ല. ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്.
ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് അഗസ്റ്റിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.