കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ആണ്കുട്ടികളുടെ ഹോസ്റ്റൽ നവീകരണം എങ്ങുമെത്താതുമൂലം വിദ്യാർഥികൾക്കു ദുരിത ജീവിതം. മഹാരാജാസ് കോളജിലെ ഹോസ്റ്റലിനു ബലക്ഷയമുണ്ടെന്നു കഴിഞ്ഞ വർഷം മേയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ പുനർനിർമിക്കാനുള്ള ആലോചനകളും ആരംഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികളെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥികൾ പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ ആയിരുന്നു താമസിച്ചു പഠിച്ചിരുന്നത്. ഹോസ്റ്റലിന്റെ നവീകരണം പ്രഖ്യാപനം മാത്രമാവുകയും സ്വകാര്യ ഹോസ്റ്റലുകളുടെ ഫീസ് താങ്ങാവുന്നതിലുമപ്പുറമായാതിനാൽ വിദ്യാർഥികൾ വീണ്ടും ഹോസ്റ്റലിൽ എത്തി താമസം ആരംഭിക്കുകയായിരുന്നു.
സ്വകാര്യ ഹോസ്റ്റലിൽ 4000 രൂപയോളമായിരുന്നു ഫീസ്. ഈ ഫീസിന്റെ ഒരുവിഹിതം കോളജ് അധികൃതർ നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്്. എന്നാൽ പണം നൽകാൻ അധികൃതർ തയാറായിയിരുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പണമില്ലാതെ വിദ്യാർഥികളെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഇറക്കി വിടുന്ന സാഹചര്യമുണ്ടായതോടെ ഇവർ തിരികെ വന്ന് കോളജ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റലിൽ ഇല്ല. ഭക്ഷണമോ, വെള്ളമോ, വെളിച്ചമോ ഇല്ലാത്ത ഈ ഹോസ്റ്റലിലാണ് സ്വകാര്യ ഹോസ്റ്റലിലെ താമസം നിർത്തിയെത്തിയ വിദ്യാർഥികൾ കഴിയുന്നത്. ഒട്ടും സുരക്ഷിതമല്ല ഇവിടെയുള്ള താമസമെന്ന് വിദ്യാർഥികൾ പറയുന്നു.
എന്നാൽ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിനു വിരുദ്ധമായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടിൽ ഹോസ്റ്റലിന്റെ ഘടനയ്ക്ക് കുഴപ്പമില്ലെന്നും കോളജ് ഹോസ്റ്റൽ അറ്റകുറ്റപണിക്ക് ശേഷം ഉപയോഗിക്കാമെന്നുമാണുള്ളത്. ജനാലകളും വാതിലുകളും പൂർണമായും മാറ്റണമെന്നും രണ്ടാം നിലയുടെ സീലിംഗ് പൊളിഞ്ഞ അവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ട്. ശുചിമുറികളും പൂർണമായി തകർന്ന നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഹോസ്റ്റൽ പുനർ നിർമിക്കേണ്ടെന്നും പുനുരുദ്ധരിച്ചാൽ മതിയെന്നുമാണ് വലിയൊരു ശതമാനം വിദ്യാർഥികളും അധ്യാപക സംഘടനകളും പറയുന്നത്.
ഒന്നാംവർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യമില്ല. അപേക്ഷ ഫോമിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോളജിലെ രണ്ട്, മൂന്നാം വർഷ വിദ്യാർഥികളാണ് ഈ ഹോസ്റ്റലുകളെ ആശ്രയിക്കുന്നത്. മറ്റു ഹോസ്റ്റലുകളിൽ താമസിക്കാൻ സാധിക്കാതെ വന്ന 20 ഓളം വിദ്യാർഥികൾ ഇപ്പോഴും യാതൊരു സൗകര്യവുമില്ലാത്ത ഈ ഹോസ്റ്റലിൽ താമസിക്കുന്നു. മറ്റു വിദ്യാർഥികൾ ഉയർന്ന ഫീസ് നൽകി സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിച്ചാണ് പഠിക്കുന്നത്. എത്രയും പെട്ടെന്ന് ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ഹോസ്റ്റൽ പുനരുദ്ധീകരിച്ച് കുട്ടികൾക്കായി തുറന്നു നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കുകയല്ല, മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കുകയാണുണ്ടായതെന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ ഡോ.എൻ.എൽ. ബീന പറഞ്ഞു. കോളജ് ഹോസ്റ്റൽ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സർട്ടിഫിക്കറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ നിർമിക്കാൻ തീരുമാനിച്ചത്. അതിനായി 10 കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. ഇനി ഈ തുക ലഭിക്കുന്നതനുസരിച്ച് മാർച്ചു 31 മുന്പ് കെട്ടിട നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പിനു കൈമാറും.
പഴകിയ ഹോസ്റ്റലിൽ വിദ്യാർഥികളെ താമസിപ്പിക്കുന്നത് അപകടകരമായതിനാലാണ് പുതിയ ഹോസ്റ്റൽ നിർമിക്കാനുള്ള തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് പ്രകാരം അറ്റകുറ്റപ്പണി മതി എന്നാണ് പറയുന്നത്. എന്നാൽ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിൽ കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നും അത് പുനർനിർമിക്കണം എന്നുമാണ്. ഇതനുസരിച്ച് ഹോസ്റ്റൽ പുനർനിർമിക്കാനുള്ള അനുവാദവും പണവും അനുവദിച്ച സ്ഥിതിക്ക് ഏറെ മുന്നോട്ടു പോയിരിക്കുകയാണ്. ഇനി അറ്റകുറ്റപ്പണിമാത്രം മതിയെന്ന് സർക്കാരിനെ അറിയിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.