മുക്കം: കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ ഹോസ്റ്റലുകളിലും ഇനി മുതൽ ആറു മാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തും. ഹോസ്റ്റലുകളിൽ വിദ്യാർഥികൾ വ്യാപകമായ തരത്തിൽ പ്രയാസം അനുഭവിക്കുകയാണെന്ന പരാതിയെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികളുടെ സുരക്ഷിതത്വവും ക്ഷേമവും ഹോസ്റ്റലുകളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഓഡിറ്റിങ് നടത്തുന്നത്. സംസ്ഥാനത്തെ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്ന മുഴുവൻ സ്പോർട്സ് ഹോസ്റ്റലുകളും ഇനി മുതൽ 2015 ലെ ബാലനീതി നിയമവും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മാർഗരേഖയും അനുസരിച്ച് പ്രവർത്തിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഹോസ്റ്റലുകളിലെ ജീവനക്കാരുടെ നിയമനവും സംവിധാനങ്ങളും ഇതിനനുസരിച്ച് ക്രമപ്പെടുത്തണം എന്നും കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ജിവി രാജ സ്പോർട്സ് സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധയേറ്റ് 13 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതിനെ തുടർന്നാണ് കമ്മീഷൻ സ്കൂൾ ഹോസ്റ്റലുകളുടെ നടത്തിപ്പ് പരിശോധിച്ചു ഉത്തരവിറക്കിയത്.
ഇത് പിന്നീട് സംസ്ഥാനത്തെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ പോസ്റ്റുകൾക്കും ബാധകമാകുന്ന രീതിയിൽ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഹോസ്റ്റലുകളിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് സാമൂഹികനീതി -വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സ്കൂൾ കൗൺസിലർമാരേയോ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴിലുള്ള കൗൺസിലർമാരേയോ നിയോഗിക്കണം.
മൂന്നു മാസത്തിലൊരിക്കൽ ഹോസ്റ്റലുകളിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ റിപ്പോർട്ട് നൽകണം. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഒന്നിടവിട്ട മാസങ്ങളിൽ ഹോസ്റ്റൽ സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു.