ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റിക്കാര്‍ഡ് 2016 തിരുത്തിയെഴുതി. നേരത്തെ ഇത് 2015 വര്‍ഷത്തിലായിരുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2015 ലേതിനെ അപേക്ഷിച്ച് 0.07 ഡിഗ്രി സെല്‍ഷ്യസ് അധികമായിരുന്നു 2016ലെ ശരാശരി താപനില എന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പഠനത്തില്‍ വ്യക്തമാക്കി. ആവറേജ് താപനില 18 നും 30 നും ഇടയിലായിരുന്നു.
എല്‍ നീനോ പ്രതിഭാസമാണ് ഇതിനൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണം സംഭവിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലും നിര്‍ണായക പങ്കുവഹിച്ചു.
കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ താപനില ക്രമാതീതമായി വര്‍ധിച്ചിരുന്നതിനാല്‍, ഇത് റിക്കാര്‍ഡ് തകര്‍ക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്ന് മേയ് മാസത്തോടെ തന്നെ ചില കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നതാണ്.
1880കള്‍ മുതലുള്ള കണക്കുകള്‍ വച്ച്, 2016 തന്നെയാണ് ചരിത്രത്തിലെ ചൂടേറിയ വര്‍ഷമെന്നാണ് നാസയുടെയും വിലയിരുത്തല്‍. 0.1 മുതല്‍ 0.12 ഡിഗ്രി വരെയാവാം വ്യത്യാസമെന്നും നാസയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍