ചങ്ങനാശേരി: മുഖ്യമന്ത്രി ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ചതിൽ വ്യക്തതയില്ല. നഗരവാസികളും വ്യാപാരികളും ബുദ്ധിമുട്ടിലായി. ചങ്ങനാശേരി നഗരസഭയുടെ ഒന്ന്, 21 വാർഡുകളിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഈ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹോട്ട് സ്പോട്ട് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ടുവാർഡുകളിലാണോ അതോ നഗരസഭ മുഴുവാനാണോ ഹോട്ട്സ്പോട്ട് എന്ന് വ്യക്തമല്ലാതെ നഗരവാസികളും വ്യാപാരികളും കുഴങ്ങി.
ആളുകൾ നഗരസഭാ കാര്യാലയത്തിലേക്കും താലൂക്ക് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും പത്രം ഓഫീസുകളിലേക്കും പോലീസ് സ്റ്റേഷനിലേക്കും ഫോണ് വിളികൾ നടത്തി. അധികാരികളെല്ലാം ഉത്തരം നൽകാൻ ബുദ്ധിമുട്ടി.
സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിൽ വിളിച്ചപ്പോൾ അവിടെനിന്നു വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുന്പ് ചങ്ങനാശേരി നഗരസഭയുടെ 33-ാംവാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
അന്നും ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹോട്ട് സ്പോട്ട് എന്ന പ്രഖ്യാപനമുണ്ടായി.അന്നും 33-ാം വാർഡിലാണോ അതോ മുനിസിപ്പൽ പരിധി മുഴുവനാണോ എന്ന വ്യക്തത ലഭിക്കാനെ നഗരവാസികൾ ബുദ്ധിമുട്ടി. ഹോട്ട് സ്പോട്ട് പ്രഖ്യാപിക്കുന്പോൾ വ്യക്തത വേണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.