കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടതുണ്ടെന്നും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. കോവിഡിന്റെ ഫലപ്രദമായ പ്രതിരോധത്തിന് എല്ലാ വകുപ്പുകളും ടീമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റുകളുടെ വിതരണത്തില്‍ ജില്ലയില്‍ ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്.
കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ചികിത്സിക്കാന്‍ വിപുലമായി ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ആശങ്കയുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ സാംബശിവ റാവു, എഡിഎം റോഷ്നി നാരായണന്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ഷാമിന് സെബാസ്റ്റ്യന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവൻ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്ടർ
മലപ്പുറം: ജില്ലയിൽ ലോക്ക്് ഡൗണ്‍ കാലാവധി തീരുന്ന മേയ് മൂന്നുവരെ നിലവിലെ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
പതിമൂന്നു കേന്ദ്രങ്ങളാണ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സർക്കാർ നിർദേശ പ്രകാരം ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങൾ പൂർണമായും തുടരും.
ജില്ലയിൽ മേയ് മൂന്നു വരെ നിയന്ത്രണങ്ങളിൽ യാതൊരു ഇളവുകളുമുണ്ടാകില്ല.ഏപ്രിൽ 20 ന് ശേഷം നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയിൽ ബാധകമാകില്ല.
കോവിഡ് ബാധിതരുമായി സന്പർക്കത്തിലേർപ്പെട്ടവർ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെയും സന്പർക്കം പുലർത്തിയവരുടെയും നിരീക്ഷണ കാലയളവ് പൂർത്തിയായിട്ടില്ല.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളും നിരീക്ഷണത്തിൽ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും മലപ്പുറം സ്വദേശികൾ തിരിച്ചെത്തുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ ജില്ല മുഴുവൻ അതി തീവ്ര മേഖലയായി പരിഗണിച്ച് ഇതുവരെ തുടർന്ന നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും. ഇതിൽ വരുന്ന മാറ്റങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.