ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഹോട്ട്സ്പോട്ട് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നു. മേയ് മൂന്നുവരെ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനും പഞ്ചായത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
പഞ്ചായത്തിനുള്ളിലേക്ക് കടക്കാന്‍ ഇന്നുമുതല്‍ രണ്ടു പ്രവേശന കവാടങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഒരു വീട്ടില്‍നിന്നു ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. ഇറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ ആവശ്യമായ കടകളും മറ്റും തുറക്കാവൂ. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം സത്യവാങ്മൂലത്തോടൊപ്പം യാത്രചെയ്യാവൂ. ജില്ലവിട്ട് പോകുന്നവര്‍ അതാത് ജില്ലകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, മത്സ്യം തുടങ്ങിയവക്കു മാത്രം ഇളവുകള്‍ ഉണ്ടാകൂ. ഹോട്ട്സ്പോട്ട് പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് 25 വരെ തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
മുഴുവന്‍ വീടുകളിലും മാസ്ക്കും, മുഴുവന്‍ വീടുകളിലും ആയൂര്‍വേദ പ്രതിരോധ ഔഷധങ്ങളും നല്‍കും. നാളെ മൂഴുവന്‍ വീടുകളിലും അണുനാശിനി തളിച്ച് വീടിന് പുറത്തുളള ഉറവിട മാലിന്യങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തും.
25 ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള സ്ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് ക്ലീന്‍ ഹൗസ് അവാര്‍ഡ് പ്രഖ്യാപിക്കും. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. മുഹമ്മ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ രേഷ്മ രംഗനാഥ്, രമാമദനന്‍, സുധര്‍മ്മ സന്തോഷ്,ബിനിത മനോജ്, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സനല്‍നാഥ്, സാനുസുധീന്ദ്രന്‍, രമേഷ് ബാബു, സെക്രട്ടറി പി.സി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണങ്കരയില്‍ വിദേശത്ത് നിന്നെത്തിയ ആളുടെ കോവിഡ് 19 പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയിരുന്നു.
ചികിത്സയില്‍ ഇയാള്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. പഞ്ചായത്തില്‍ നിന്നും ഒരാളെ രോഗബാധിതനായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തണ്ണീര്‍മുക്കം ഇപ്പോഴും ഹോട്ട്സ്പോട്ട് ആയി തുടരുന്നത്. നിലവില്‍ പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ ആരും തന്നെ ഇല്ല. എന്നാല്‍ ഇതര സംസ്ഥാനത്തു തൊഴില്‍ ചെയ്ത ഏഴുപേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.