തൊഴില്‍ അന്വേഷകര്‍ക്ക് സൗജന്യ ഉച്ച ഭക്ഷണവുമായി ദുബായിലെ ഹോട്ടല്‍. കറാമയിലും അല്‍ ബര്‍ഷയിലും പ്രവര്‍ത്തിക്കുന്ന നോംനോം ഏഷ്യ റസ്റ്ററന്റാണ് അന്നദാനത്തിന്റെ മഹത്വം വിളിച്ചോതി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. തൊഴിലന്വേഷകര്‍ക്ക് ഈ ഹോട്ടലില്‍ നിന്നും പ്രധാന ഡിഷിനൊപ്പം നൂഡില്‍സോ അരിയാഹാരമോ കഴിക്കാം. സൗജന്യ ഭക്ഷണം ലഭ്യമാണെന്ന് അറിയിച്ചുള്ള ബോര്‍ഡും ഹോട്ടലിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇനി സൗജന്യ ഭക്ഷണം കഴിക്കാന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലാത്തവര്‍ക്കായി മറ്റൊരു ഓഫറും ഹോട്ടലധികൃതര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ തുക ബുക്കില്‍ എഴുതി വയ്ക്കാം. പിന്നീട് ജോലി കിട്ടിയ ശേഷം ഭക്ഷണത്തിന്റെ ബില്ലടച്ചാല്‍ മതി. ഇത്തരത്തില്‍ സൗജന്യ ഭക്ഷണം കഴിച്ച നിരവധി പേര്‍ പിന്നീട് ജോലി ലഭിച്ച ശേഷം ഇത്തരത്തില്‍ കഴിച്ച ഭക്ഷണത്തിന്റെ പണം തിരിച്ചു നല്‍കിയതായി കറാമ റസ്റ്ററന്റ് മാനേജര്‍ തമിഴ്‌നാട് സ്വദേശി വിജയകുമാര്‍ പറഞ്ഞു.
അല്‍ ബര്‍ഷയിലെ ഹോട്ടലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കി വരുന്നുണ്ട്. റസ്റ്ററന്റിന്റെ സഹസ്ഥാപകനായ വിവേക് ബലാനെയുടേതാണ് ഈ ആശയം. കഴിഞ്ഞ ജൂണിലാണ് കറാമയില്‍ റസ്‌റ്റോറന്റ് ആരംഭിച്ചത്. ഈയടുത്ത് ഹോട്ടലിലെത്തിയ ഒരു ഫുഡ് കണ്‍സള്‍ട്ടന്റ് സൗജന്യ ഉച്ചഭക്ഷണം നല്‍കും എന്ന ബോര്‍ഡിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ ഈ ഹോട്ടലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഗള്‍ഫു നാടുകളില്‍ ജോലി തേടിയെടുത്തുന്നത്. ഇത്തരം തൊഴിലന്വേഷകരില്‍ പലരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭക്ഷണം പോലും കഴിക്കാനാകാതെയാണ് ഓരോ ദിവസം മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ അന്യ നാടുകളില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമാണ് നോംനോം റസ്‌റ്റോറന്റ്.