മനുഷ്യരേക്കാള്‍ അധികം ആനകള്‍ വന്ന് പോകുന്ന ഒരു ഹോട്ടല്‍. അതാണ് സാംബിയയിലെ സൗത്ത് ലുവാങ്വാ ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ഫുവി ലോ#ിജ്. വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് സ്ഥിരമായി എത്തിച്ചേരുന്ന ആനക്കൂട്ടങ്ങള്‍, ഹോട്ടലിന്റെ റിസപ്ഷനിലൂടെ നടന്ന് അകത്തുള്ള മാവിന്‍ചുവട്ടിലെത്തുകയും വയറുനിറയെ മാമ്പഴം ഭക്ഷിച്ച ശേഷം മടങ്ങുകയും ചെയ്യുന്നു. ഈ ആനക്കൂട്ടത്തിന്റെ വീഡിയോ ഇതിനോടകം വാട്ട്‌സാപ്പിലൂടെ പ്രചാരമാര്‍ജിച്ചുകഴിഞ്ഞു.
ലോഡ്ജില്‍ തങ്ങുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഇങ്ങനെയൊരു അപൂര്‍വ രംഗത്തിന് സാക്ഷ്യം വഹിക്കാം. സൗത്ത് ലുവാങ്വാ ദേശീയോദ്യാനത്തില്‍ 1998ലാണ് ഫുവി ഹോട്ടല്‍ നിര്‍മിക്കുന്നത്. വലിയൊരു മാവ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് ആനകള്‍ സ്ഥിരം എത്തിച്ചേര്‍ന്നിരുന്നു. ആനത്താരയില്‍ കെട്ടിടം വിലങ്ങുതടിയായി ഉയര്‍ന്നുവെങ്കിലും ആനകള്‍ മാമ്പഴം തിന്നാന്‍ ഇവിടെ പിന്നെയും എത്തിച്ചേരാന്‍ തുടങ്ങി. ഇപിപോള്‍ ഇത് ഫുവി ഹോട്ടലിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.
എല്ലാവര്‍ഷവും നവംബര്‍ മാസങ്ങളിലാണ് ഇവിടെ ആനകള്‍ എത്തിച്ചേരാറെന്ന്, ഹോട്ടല്‍ ശൃംഖലയായ ബുഷ്‌ക്യാംപ് കമ്പനിയുടെ ഡയറക്ടര്‍ ആന്‍ഡി ഹോഗ്ഗ് പറയുന്നു. മാവ് കായ്ക്കുന്ന ഈ സമയങ്ങളില്‍, നാല് മുതല്‍ ആറ് ആഴ്ച വരെ, ഒട്ടുമിക്ക ദിവസങ്ങളിലും ആനകള്‍ സ്ഥിരമായി ഹോട്ടലില്‍ എത്തിച്ചേരാറുണ്ട്. മനുഷ്യനുമായി ആനകള്‍ സ്വതന്ത്രമായി ഇടപഴകുന്ന സ്ഥലമെന്നതാണ് ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. ആനക്കൂട്ടം വരുന്നത് കാണുമ്പോള്‍ ഹോട്ടലിലെ ചില താമസക്കാര്‍ ഭയപ്പെടാറുണ്ട്. എന്നാല്‍ അവരെ ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുന്നു. ഹോട്ടലിലെ ആളുകളെ ആനകള്‍ അധികം ശ്രദ്ധിക്കാറുമില്ലെന്നും ആന്‍ഡി പറയുന്നു.