തെള്ളകത്തെ സ്വകാര്യ ഹോട്ടലിന്റെ പുറത്ത് താൽക്കാലിക പന്തലിട്ട് ഭക്ഷണം വിളന്പുന്നു. -രാഷ്ട്രദീപിക
കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ ഉടൻ അനുമതി നൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തതിനാൽ ഹോട്ടലുടമകൾ വലിയ പ്രതിസന്ധിയിലാണ്.
ഓണ്ലൈൻ ഭക്ഷണ വിതരണവും പാഴ്സൽ സർവീസുമാണ് നടക്കുന്നത്. സർക്കാർ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ തുറസായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കാമെന്നു പറയുന്നു. ഇതോടെ ചില ഹോട്ടലുകാർ മുറ്റത്തും പാർക്കിംഗ് ഗ്രൗണ്ടിലും പന്തലിട്ടു ആളുകളെ ഇരുത്തി ഭക്ഷണം നല്കുന്നുണ്ട്.
എംസി റോഡിൽ നാഗന്പടം മുതൽ ഏറ്റുമാനൂർ വരെ റോഡിനിരുവശവും നിരവധി ഹോട്ടലുകളാണ് തുറസായ ഇടത്തിൽ ആളുകളെ ഇരുത്തി ഭക്ഷണം നല്കുന്നത്. ഒരേസമയം 20 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിൽ വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്.
എസിയും ഫാനും ഇല്ലാത്തതിനാലും അസഹനീയമായ ചൂടു കാരണവും ആളുകൾ എത്തുന്നതു കുറവാണെന്നു ഹോട്ടലുടമകൾ പറയുന്നു. ദിവസം 1000 മുതൽ 2000 രൂപ വരെയാണു പന്തലിനു വാടക.
സർക്കാർ കാന്റീനുകളും കെടിഡിസിയുടെ റസ്റ്ററന്റുകളും തുറന്നു പ്രവർത്തിക്കുന്പോൾ ഹോട്ടലുകളോടു സർക്കാർ അനീതി കാട്ടുകയാണെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പുകുട്ടി പറഞ്ഞു.
അസോസിയേഷനിൽ 1500 അംഗങ്ങളാണ് ജില്ലയിലുള്ളത്. എണ്ണായിരത്തോളം കുടുംബങ്ങൾ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു കുടുംബം പുലർത്തുന്നുണ്ട്.
ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുകയാണ്. ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമര പരിപാടികളും നടത്തിയിരുന്നു.