ആലപ്പുഴ: ജനത്തിനു സുരക്ഷിത ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. മുഴുവൻ നിയമങ്ങളും പാലിച്ചു നടത്തുന്ന ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാതെ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകളെ സംരക്ഷിക്കാനാണ് സർക്കാരിനു താത്പര്യമമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.സി. റഫീക്ക് ആരോപിച്ചു.
അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹോട്ടൽ വ്യവസായവും ശുചിത്വബോധവും സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടൽ വ്യവസായികൾക്കുള്ള ഫാമിലി ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ്പ്രസിഡന്റ് മൂലയിൽ സി. ദിലീപ് നിർവഹിച്ചു. ജില്ലയിൽ ഹോട്ടലുകളുടെ ശുചിത്വ നിലവാരം ഉറപ്പാക്കാൻ ഹൈജനിക് മോണിറ്ററിംഗ് രൂപീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്. കെ. നാസർ പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് നാസർ താജ് അധ്യക്ഷത വഹിച്ചു. ജോർജ് ചെറിയാൻ, വി. മുരളീധരൻ, റോയി മഡോണ, അബൂബക്കർ, രമേശ് ആര്യാസ്, മുഹമ്മദ് കോയ, ബിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ട്രഷറർ ഷരീഫ് അലങ്കാർ കൃതജ്ഞത രേഖപ്പെടുത്തി.