വയറു നിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് തലകറങ്ങുന്ന സംഭവങ്ങൾ നിരവധിയായി ഉണ്ടായിട്ടുണ്ട്. അതേ അനുഭവമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്ററുമായ ആകാശ് ചോപ്രയ്ക്കുമുണ്ടായത്. കാരണം അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ ബില്ലിലെ തുക ഏഴുലക്ഷമായിരുന്നു. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവം ഏവരെയുമറിയിച്ചത്.
ചോലൈ എന്ന വിഭവത്തിന് തൊണ്ണൂറായിരം രൂപ, പനീർ ബട്ടറിന് തൊണ്ണൂറ്റിയൊമ്പതിനായിരം രൂപ, പനീർ ടിക്കയ്ക്ക് തൊണ്ണൂറ്റിയാറായിരം രൂപ, വെജ് കബാബിനാകട്ടെ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപയും. ഒരു അത്താഴത്തിന് ഏഴുലക്ഷത്തിനടത്ത് ചിലവാക്കി ഇന്തോനേഷ്യയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് ആകാശ് ഹോട്ടൽ ബില്ല് ട്വിറ്ററിൽ പങ്കുവെച്ചത്.
എന്നാൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം മനസിലായത്. ഇന്ത്യൻ തുകയ്ക്കു പകരം ഇന്തോനേഷ്യൻ മൂല്യത്തിൽ തുക ഈടാക്കിയതാണ് ഇത്രയും തുകയ്ക്കു കാരണമായത്. ഇന്ത്യൻ മൂല്യത്തിൽ മൂവായിരത്തി അഞ്ഞൂറിനടുത്തു വരുന്ന തുകയ്ക്കു പകരമാണ് ഏഴുലക്ഷത്തിന്റെ ബില്ല് അദ്ദേഹത്തിന് ലഭിച്ചത്.
എന്നാൽ അദ്ദേഹത്തെ വിമർശിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഈ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.