പാലക്കാട്: വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന വിവാദത്തിൽ ആറ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസ്.
വി.ടി.ബൽറാം, പാളയം പ്രദീപ് എന്നിവർ ഉൾപ്പടെ സംഘത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. വധഭീഷണി, കൈയേറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത തന്നെ കോണ്‍ഗ്രസ് നേതാക്കൾ മർദ്ദിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പാലക്കാട് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പരാതിക്കാരനായ യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട്ടെ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
പിന്നാലെ ഇവർക്കെതിരേ രൂക്ഷ വിമർശനം ഉയർന്നു. ഭക്ഷണം പാഴ്സൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നുവെന്നാണ് എംപിയുടെ വിശദീകരണം. സംഭവത്തിൽ ഹോട്ടലിനെതിരേയും കേസെടുത്തിരുന്നു.