പത്തനംതിട്ട: നഗരത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെ ശുചിത്വ പരിശോധനയിൽ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത കാട്ടുന്നില്ലെന്ന് ആക്ഷേപം. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതു കൂടാതെ പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതും മലിനമായ അന്തരീക്ഷത്തിലാണ്.
പകർച്ചവ്യാധികൾ വ്യാപകമാകുന്പോഴും അധികൃതർ കാട്ടുന്ന ഇത്തരം നിസംഗതകൾക്കെതിരെ പ്രതിഷേധം ശക്തമാണ്. പഴകിയ ഭക്ഷണങ്ങൾ വിളന്പുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്. നഗരത്തിലെ ഒട്ടുമിക്ക ഭക്ഷണശാലകളുടേയും പാചകപ്പുര അസൗകര്യങ്ങളുടെ മധ്യത്തിലാണ്.
പൊതു നിരത്തുകളിൽ നിന്നുയരുന്ന പൊടിയും പുകയുമേറ്റാണ് ഭക്ഷണം ഏറെപ്പേരും തയ്യാറാക്കുന്നത്. പൊറോട്ട, ചപ്പാത്തി, ദോശ തുടങ്ങിയ ഭക്ഷണങ്ങളാണ് ചില ഹോട്ടലുകളുടെയും തട്ടുകടകളുടെയും മുന്പിൽ ഒരുക്കിയിരിക്കുന്ന പാചകപുരകളിൽ തയ്യാറാക്കുന്നത്. പൊറോട്ടയ്ക്കായി മാവ് കുഴച്ചു വച്ചാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പാകപെടുത്തിയെടുക്കുന്നത്. അപ്പോഴേക്കും മാവിൽ പൊടിപടലങ്ങൾ വീണിരിക്കും.
ജോലിയെടുക്കുന്ന തൊഴിലാളികൾക്കാകട്ടെ ഹെൽത്ത് കാർഡ് ഇല്ല. ഏറെപ്പേരും ഇതരസംസ്ഥാനക്കാരാണ്. പകർച്ചവ്യാധികൾ പലതും ഇതരസംസ്ഥാനക്കാർ മുഖേന എത്തുന്നുവെന്ന ആക്ഷേപം നിലനിൽക്കവേയാണ് തൊഴിലാളികളെ സംബന്ധിച്ച് പരാതികൾ ഉയരുന്നത്.ഹോട്ടലുകളിലെ പുറകു വശം പൂർണമായും വൃത്തിഹീനമായിരിക്കും.
വൃത്തിഹീനമായി കിടക്കുന്ന ശുചിമുറികളുടെ സമീപത്താണ് പച്ചക്കറികൾ അരിയുന്നതും പറക്കുന്നതും. ഒന്നിലധികം ദിവസങ്ങളിൽ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
നഗരസഭാ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഹോട്ടലുകളിൽ ഫുട്പാത്തുകളിൽ വച്ചിരി്ക്കുന്ന ടാങ്കുകളിലെ വെള്ളമാണ് പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം അധികൃതർ ശ്രദ്ധിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.
മിക്ക ഹോട്ടലുകൾക്കു മുന്പിലും ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്നതായി കാണാം. ഇവയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആളുകൾക്ക് നടക്കാനായി കൊടുത്തിരിക്കുന്ന ഫുട്പാത്തുകളിലാണ് ഹോട്ടലുകളിൽ പാചകവാതക സിലിണ്ടറുകൾ വച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ ഇത്തരം ഹോട്ടലുകളിലേക്കും മാറ്റിയാൽ മാത്രമേ ഗുരുതര പ്രശ്നങ്ങൾ തടയുവാൻ സാധിക്കുകയുള്ളു.
വൈകുന്നേരങ്ങളിൽ തുറക്കുന്ന തട്ടുകടകളുടേയും അവസ്ഥ ദയനീയമാണ്. ഇത്തരം ഭക്ഷണശാലകളും ഫുട്പാത്തുകളിലാണ് സ്ഥാനം ഉറപ്പിക്കുന്നത്. തെരുവു നായ്ക്കളുടെ ശല്യവും ഇവിടെയുണ്ട്. കണ്മുന്പിൽ തന്നെ ഭക്ഷണം തയാറാക്കി തരുന്നതിനാൽ തട്ടുകടകളിലെ ഭക്ഷണം ഫ്രഷ് ആണന്ന് എല്ലാവരും പറയുമെങ്കിലും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ ആരും ശ്രദ്ധിക്കാറില്ലന്നതാണ് മറ്റൊരു വസ്തുത.