ഹരിയാന കലാപത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച ഇടിച്ചു തകര്‍ത്ത ജില്ലാ ഭരണകൂടം.
നൂഹ് ജില്ലയിലെ സഹാറാ ഹോട്ടല്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത് ഈ കെട്ടിടത്തില്‍ നിന്നാണെന്നാണ് ആരോപണം. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിക്കല്‍ നടപടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പൊളിക്കല്‍ നടപടിയില്‍ ശനിയാഴ്ച മാത്രം ജില്ലയിലെ ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും തകര്‍ത്തിരുന്നു.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളുമാണ് പൊളിക്കുന്നതെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്.
നല്‍ഹാറിലെ ഷഹീദ് ഹസന് ഖാന് മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകള്‍ ശനിയാഴ്ച തകര്‍ത്തിരുന്നു. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗറുവിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു.
സര്‍ക്കാര്‍ ഭൂമി കയ്യടക്കിയതിനെതിരേയുള്ള ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.
സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മനോഹര്‍ ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു.